ചാവക്കാട്: ചാവക്കാട്ടെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ചാവക്കാട് പ്രസ് ഫോറം ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു. ഗുരുവായൂർ എ.സി.പി കെ.എം ബിജു ഉദ്ഘാടനം ചെയ്തു. ലഹരി മാഫിയ സംഘങ്ങളെ കണ്ടെത്തുന്നതിനും ഇവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിനും മാധ്യമപ്രവർത്തകരുടെ സഹകരണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവർത്തകരും ലഹരി മാഫിയ സംഘങ്ങൾക്കെതിരെ ശക്തമായ നടപടികൾ സീകരിക്കുന്ന പോലീസും തമ്മിൽ സൗഹൃദം നില നിർത്തേണ്ടതുണ്ട്.
ലഹരി മാഫിയ സംഘങ്ങളെ കുറിച്ചുള്ള പല വിവരങ്ങളും മാധ്യമപ്രവർത്തകർക്ക് അറിയാൻ കഴിയും. ഇത്തരം കാര്യങ്ങൾ പോലീസിന് അറിയിച്ചാൽ ഇക്കൂട്ടർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കേക്ക് മുറിച്ച് എ.സി.പി സന്തോഷം പങ്കിട്ടു. പ്രസ് ഫോറം പ്രസിഡൻ്റ് റാഫി വലിയകത്ത് അധ്യക്ഷത വഹിച്ചു. ചാവക്കാട്ടെ ബിസിനസ് പ്രമുഖരായ നാസർ പറമ്പൻസ്, മുഹമ്മദ് സാലി കൊല്ലാം കുഴി എന്നിവർ മുഖ്യാഥിതികളായി. എസ്.ഐ സുഹാസ്, മുനീഷ്, ഷക്കീൽ, കെ.എസ് പാർവ്വതി, സി.പി.ഒ വി ജൈജു, ഷെബീർ ശോഭ തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി ജോഫി ചൊവ്വന്നൂർ സ്വാഗതവും ക്ലീറ്റസ് നന്ദിയും പറഞ്ഞു.