തൃശൂർ: അമ്മയുടെ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപരന്ത്യം തടവിനും പത്തുവർഷം കഠിനതടവിനും ഒന്നര ലക്ഷം രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. ഒറ്റപ്പാലം പാലപ്പുറം സ്വദേശി വിളക്കത്തറ വീട്ടിൽ അനിൽകുമാറിനെയാണ് തൃശൂർ ഒന്നാം അഡിഷണൽ ജില്ലാ ജഡ്ജി പി.എൻ വിനോദ് ശിക്ഷിച്ചത്. 2012 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിയ്യൂർ ജയിലിന് മുൻവശത്ത് ബാർബർ ഷോപ്പ് നടത്തിയിരുന്ന അമ്മാവൻ സുധാകരനെ പ്രതിയും സഹോദരൻ അജിത്കുമാറും ചേർന്ന് പണം ആവശ്യപ്പെട്ട് നിരന്തരം സന്ദർശിച്ചിരുന്നു. സംഭവ ദിവസം പ്രതികൾ ബാർബർ ഷോപ്പിലെത്തി സുധാകരനെ ഷേവ് ചെയ്ത് നൽകാമെന്ന് പറഞ്ഞ് കസേരയിൽ ഇരുത്തി ഷേവ് ചെയ്യുന്നതിനിടയിൽ കഴുത്തിൽ വയർ ചുറ്റി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും
മരണം ഉറപ്പിക്കാൻ ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിക്കുകയുമായിരുന്നു. പിന്നീട് സുധാകരന്റെ സ്വർണ്ണമാല, മോതിരം, കടയിൽ ഉണ്ടായിരുന്ന പേഴ്സ് എന്നിവയെടുത്ത് കടയുടെ ഷട്ടർ അടച്ചിട്ട് പ്രതികൾ രക്ഷപ്പെട്ടു. ഒന്നാംപ്രതി അജിത് കുമാർ പിന്നീട് ആത്മഹത്യ ചെയ്തു. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി സുനിൽ കുമാർ, ലിജി മധു എന്നിവർ ഹാജരായി

