പാഴ്‌സൽ സർവീസിന്റെ മറവിൽ ഐഷർ ലോറിയിൽ അതിമാരക രാസലഹരി കടത്തിയ കേസിൽ മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന, ലഹരി മാഫിയയുടെ പ്രധാന കണ്ണിയും തൃശ്ശൂർ, എറണാകുളം ജില്ലകളിലെ മയക്കുമരുന്ന് വിതരണം നടത്തുന്നയാളുമായ അജ്മൽ പോലീസിന്റെ പിടിയിൽ. വലപ്പാട് മുരിയാതോട് സ്വദേശിയായ പോക്കാക്കില്ലത്ത് വീട്ടിൽ അജ്‌മലി (29) നെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ പി എസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്നും ലോറിയിൽ കേരളത്തിലേക്ക് വരുന്നതിനിടയിലാണ് ബംഗളൂരുവിലെ ചിക്കബെല്ലാപ്പൂർ ജില്ലയിലെ പരേശാന്ദ്ര എന്ന സ്ഥലത്ത് വെച്ചാണ് ഇയാളെ പോലീസ് തന്ത്രപരമായി പിടികൂടിയത്. പ്രതിയെ കൊടകര പോലീസ് സ്റ്റേഷനിൽ എത്തിച്ച് നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. 2026 മോയ് 22 ന് കാൽ കിലോയോളം MDMA-യും എൽ.എസ്.ഡി സ്റ്റാമ്പുകളുമായി ചെന്ത്രാപ്പിന്നി എടമുട്ടം പുളിഞ്ചോട് സ്വദേശി മംഗലത്ത് വീട്ടിൽ മുഹമ്മദ് ഫാസിൽ (35) പിടിയിലായിരുന്നു. നിലവിൽ റിമാൻഡിൽ കഴിയുന്ന ഫാസിലിനെ ചോദ്യം ചെയ്തതിൽ നിന്നും, അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലുമാണ് ലഹരിമരുന്ന് എത്തിച്ചത് അജ്മലിന് വേണ്ടിയാണെന്നും അജ്മലാണ് ഇത് ചില്ലറ വിൽപ്പന നടത്തുന്നതെന്നും വ്യക്തമായത്.
അജ്മൽ നാഷണൽ പെർമിറ്റ് ലോറിയിൽ ഡ്രൈവറായി ബംഗളൂരുവിലേക്കും മറ്റും സ്ഥിരമായി പോകാറുണ്ടായിരുന്നു. അവിടെ നിന്നാണ് കേരളത്തിലേക്ക് കടത്താനുള്ള ലഹരിമരുന്ന് ശേഖരിച്ചിരുന്നത്. തുടർന്ന് കൊച്ചി കേന്ദ്രീകരിച്ച് കുടിവെള്ള വിതരണ ബിസിനസ് നടത്തിവന്ന ഇയാൾ, ഇതിന്റെ മറവിലാണ് കേരളത്തിലെമ്പാടും ലഹരിമരുന്ന് ചില്ലറ വിൽപ്പന നടത്തിയിരുന്നത്. മറ്റ് പ്രതികൾ വഴി കേരളത്തിലെത്തിക്കുന്ന മയക്കുമരുന്ന് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന പ്രധാന കണ്ണി ഇയാളാണ്. കളമശ്ശേരി ആസ്ഥാനമായുള്ള എയർ കാർഗോ പാഴ്‌സൽ കമ്പനിയിലെ ഡ്രൈവറായ മുഹമ്മദ് ഫാസിൽ ഓടിച്ചിരുന്ന ലോറിയിലെ കാർഗോ ബോക്സുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കടത്തിക്കൊണ്ട് വന്നത്. 198.3 ഗ്രാം എം.ഡി.എം.എ.യും നാല് എൽ.എസ്.ഡി സ്റ്റാമ്പുകളുമാണ് അന്ന് പോലീസ് പിടിച്ചെടുത്തത്. കൊടകര പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ജെർലിൻ വി സ്കറിയ, എ എസ് ഐ അജി വി ഡി, ജി എസ് സി പി ഒ സജീഷ് കുമാർ പി കെ, ജി എസ് സി പി ഒ സഹദ് ടി എസ്, സി പി ഒ ശ്രീനാഥ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ ബാഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്തത്.

