ഗുരുവായൂർ: പുതുവർഷ പിറവി ദിനത്തിൽ ഗുരുവായൂരപ്പ ദർശനം തേടി ഭക്തസഹസ്രങ്ങളെത്തി. പ്രാർത്ഥനകളുമായെത്തിയ ഭക്തർ ദർശനപുണ്യം നൽകിയ സായൂജ്യവുമായി മടങ്ങി. ശബരിമല തീർത്ഥാടകർ ഉൾപ്പെടെ നൂറുക്കണക്കിന് ഭക്തർ പുലർച്ചെ മുതൽ തന്നെ ക്ഷേതത്തിലെത്തിയിരുന്നു. സംസ്ഥാനത്ത് നിയന്ത്രണം പ്രാബല്യത്തിലായതിനാൽ രാവിലെ അഞ്ചു മണി മുതലാണ് ഭക്തർക്ക് ക്ഷേത്ര ദർശനം നൽകിയത്. കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, പത്നി ജയശ്രീ എന്നിവർ രാവിലെ ക്ഷേത്ര ദർശനം നടത്തി. രാവിലെ ആറരയോടെ ക്ഷേത്രത്തിലെത്തിയ മന്ത്രിയെ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി മോഹൻദാസ്, ദേവസ്വം ഭരണസമിതി അംഗം ഏ.വി.പ്രശാന്ത് എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് ക്ഷേത്ര ദർശനം നടത്തിയ മന്ത്രി ശീവേലിയും കണ്ട് തൊഴുതാണ് മടങ്ങിയത്. ദേവസ്വം ഭരണസമിതി അംഗം കെ.വി ഷാജിയും ശീവേലി ചടങ്ങിൽ സന്നിഹിതനായി. നടൻ ദിലീപും രാവിലെ ക്ഷേത്ര ദർശനം നടത്തിയിരുന്നു.