ഗുരുവായൂർ: ഗുരുവായൂർ ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായി അഭിഭാഷകരുടെ കൂട്ടായ്മയിൽ നീതി വിളക്ക് ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ക്ഷേത്രത്തിൽ രാവിലേയും വൈകീട്ടും കാഴ്ചശീവേലിക്ക് ചൊവ്വല്ലൂർ മോഹനൻ മേളം നയിച്ചു. രാത്രി വിളക്കെഴുന്നെള്ളിപ്പിന് ഇടയ്ക്കയും ഗുരുവായൂർ മുരളിയുടെ നേതൃത്വത്തിൽ നാഗസ്വര കച്ചേരിയും ഉണ്ടായി. സന്ധ്യക്ക് കക്കാട് രാജപ്പൻമാരാർ, കല്ലൂർ ഉണ്ണികൃഷ്ണൻ, അതുൽമാരാർ എന്നിവരുടെ ട്രിപ്പിൾ തായമ്പകയും നടന്നു. മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ ആറ് മുതൽ അഭിഭാഷകർ, ജുഡീഷ്യൽ ഉദ്യോഗസ്ഥർ, കോടതി ജീവനക്കാർ, അഡ്വ. ക്ലർക്ക്സ് എന്നിവരുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. വൈകീട്ട് നടന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി പി.എസ് ശശികുമാർ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ശേഷാദ്രി നാഥൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
വൈകിട്ട് 6.30മുതൽ 8.30 വരെ ശബരീഷ് പ്രഭാകറിൻ്റെ നേതൃത്വത്തിൽ വയലിൻ ഫ്യൂഷൻ ഉണ്ടായി. രാത്രി ചുറ്റുവിളക്ക് തെളിയിക്കാൻ ജഡ്ജിമാർ ക്ഷേത്രത്തിലെത്തിച്ചേർന്നു. ചാവക്കാട് മുൻസീഫ് കോടതിയുടെ വകയായി നൂറ്റാണ്ടോളം നടത്തിയിരുന്ന വിളക്കാഘോഷമാണ് ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ഇക്കൊല്ലം മുതൽ നീതി വിളക്കായി മാറിയത്. ആഘോഷ കമ്മിറ്റി സെക്രട്ടറി അഡ്വ. സി. സുഭാഷ്കുമാർ, കൺവീനർ അഡ്വ. വേണുഗോപാൽ മുള്ളത്ത്, അഡ്വ. കെ.ബി ഹരിദാസ്, അഡ്വ. കെ.ഡി വിനോജ്, അഡ്വ. സി. രാജഗോപാലൻ, അഡ്വ. വി.എസ് ശിവശങ്കരൻ, അഡ്വ. സി.പി പ്രത്യുഷ്, അഡ്വക്കേറ്റ് ക്ലർക്ക് ടി.ആർ അജിത് കുമാർ എന്നിവർ നേതൃത്വം നൽകി.
