ചാവക്കാട്: ദേശീയപാത 66ലെ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ തിരുവത്ര കോട്ടപ്പുറത്ത് ഫൂട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എൻ.കെ അക്ബർ എം.എൽ.എക്ക് നിവേദനം നൽകി. സ്ഥലത്തെ കൗൺസിലർമാരായ അഭിനി ശിവജി, റെമീജ ഹംസ, മുൻ കൗൺസിലർ പി.കെ രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് ആളുകളുടെ ഒപ്പുകൾ ശേഖരിച്ചാണ് നിവേദനം നൽകിയത്. ദേശീയപാതയുടെ പണി അവസാന ഘട്ടത്തിലാണ്. ഹൈവേ പണി പൂർത്തിയായതോടെ യാത്രക്കാർക്ക് ബസ് കയറുന്നതിനും റോഡ് മുറിച്ചു കടക്കുന്നതിനും കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയാണ്. പുത്തൻകടപ്പുറം ജുമാ മസ്ജിദ്, പുതിയറ ജുമാ മസ്ജിദ്, സലഫി മസ്ജിദ്, ഗവ. ഫിഷറീസ് ടെക്നിക്കൽ സ്കൂൾ, കുഫോസ് സെന്റർ, ജി.എഫ്.യു.പി സ്കൂൾ, എച്ച്.ഐ.എൽ.പി സ്കൂൾ, മിനി എസ്റ്റേറ്റ്, തിരുവത്ര സഹകരണ സംഘം, പുത്തൻകടപ്പുറം ബീച്ച്, കടലാമ സംരക്ഷണ കേന്ദ്രം, ഹൈവേക്ക് സമാന്തരമായ ബേബി റോഡുമായി ബന്ധിപ്പിക്കുന്ന കോട്ടപ്പുറം-പുത്തൻകടപ്പുറം റോഡ് എന്നിവയെല്ലാം ഈ പ്രദേശത്താണ്. നിരവധി വിദ്യാർത്ഥികളാണ് ഇവിടെ നിന്ന് വിവിധ വിദ്യാലയങ്ങളിലേക്ക് പോകുന്നത്. ഇവർ വലിയ യാത്രാ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഇതിന് പരിഹാരമായി കോട്ടപ്പുറത്ത് ഒരു ഫൂട്ട് ഓവർ ബ്രിഡ്ജ് അനിവാര്യമാണെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
