ഗുരുവായൂർ: തൃശൂർ ജില്ല ടി.ബി യൂണിറ്റും ചാവക്കാട് താലൂക്ക് ടി.ബി യൂണിറ്റും പൂക്കോട് കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ഗുരുവായൂർ ദേവസ്വം ആനക്കോട്ട ജീവനക്കാർക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ദേവസ്വം ചെയർമാൻ എ.വി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ വി. അനൂപ് അധ്യക്ഷത വഹിച്ചു. ബിപി, ഷുഗർ, മറ്റ് രക്ത പരിശോധനകൾ, ശ്വസകോശ രോഗ പരിശോധന എന്നിവ നടന്നു. ജില്ല ടിബി യൂണിറ്റിൻ്റെ സഞ്ചരിക്കുന്ന എക്സ്-റേ യൂണിറ്റിൻ്റെ സേവനവും ക്യാമ്പിൽ ഒരുക്കിയിരുന്നു. ശ്വാസകോശ രോഗങ്ങളും മറ്റ് പകർച്ചവ്യാധികളും നേരത്തെ കണ്ടെത്തി ചികിത്സിക്കുക വഴി ആനകളിലേക്ക് രോഗങ്ങൾ പകരുന്നത് തടയുക എന്ന ഏകാരോഗ്യം എന്ന സങ്കല്പമാണ് ക്യാമ്പിന്റെ ലക്ഷ്യം. പൂക്കോട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. എസ്. രാജലക്ഷ്‌മി, ഹെൽത്ത് ഇൻസ്പെക്ടർ സി. സോണി വർഗ്ഗീസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. അനിത, മനു തമ്പി, കെ.ബി ബിജിത, പി. എസ് മുംതാസ്, ബി.എ അനശ്വര, ചാവക്കാട് താലൂക്ക് ഐസിടിസി ജീവനക്കാരും ക്യാമ്പിന് നേതൃത്വം നൽകി. ആനക്കോട്ടയിലെ ആനപ്പാപ്പാന്മാർ ഉൾപ്പെടെ 80 ഓളം പേർ പങ്കെടുത്തു.
