ചാവക്കാട്: ഡൽഹിയിൽ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചും ഐക്യദാർഢ്യം പ്രഖ്യാപിച്ചും എം.എസ്.എഫ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അൽറസീൻ എസ്.എ ഉദ്ഘാടനം ചെയ്തു. ഡൽഹിയിലെ തെരുവുകളിൽ വിദ്യാർത്ഥികളുടെ രക്തം വീഴ്ത്തി ജനാധിപത്യത്തെ തോൽപ്പിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ, അത് ഈ രാജ്യത്തിന്റെ ചരിത്രത്തെ അറിയാത്തതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തെ രാഷ്ട്രീയ അജണ്ടകൾക്ക് വിധേയമാക്കാനുള്ള ഏത് ശ്രമത്തെയും എം.എസ്.എഫ് ശക്തമായി എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.എസ്.എഫ് ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഷനാഹ് ഷറഫുദ്ധീൻ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സബാഹ് താഴത്ത് സ്വാഗതം ആശംസിക്കുകയും ജില്ലാ സെക്രട്ടറി അബ്ദു സുബഹാൻ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. യോഗത്തിൽ എം.എസ്.എഫ് സംസ്ഥാന പ്രവർത്തക സമിതി അംഗം ആരിഫ് പാലയൂർ, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.വി ഉമ്മർ കുഞ്ഞി, എം.എസ്.എഫ് തൃശ്ശൂർ ജില്ലാ ട്രഷറർ അഡ്വ. നാസിഫ്,തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡന്റ് ഷബീർ അലി, ജില്ലാ സെക്രട്ടറിമാരായ അഡ്വ. റിഷാദ് , യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കബീർ ഫൈസി, യൂത്ത് ലീഗ് ചാവക്കാട് മുനിസിപ്പൽ പ്രസിഡന്റ് എം എസ്.സ്വാലിഹ് എന്നിവർ സംസാരിച്ചു. പ്രകടനത്തിന് എം.എസ്.എഫ് നേതാക്കളായ സൽമാൻ, ഹക്കീം ഹുസൈൻ, ഷിഹാബ്, റയ്യാൻ, സിയാൻ എന്നിവർ നേതൃത്വം നൽകി
