ചാവക്കാട്: ദേശീയ പാത 66 ൽ നിർമ്മാണം പൂർത്തീകരിക്കാതെ നാട്ടിക ടോൾ ബൂത്തിൽ ടോള്‍ പിരിവ് ആരംഭിക്കാനുള്ള നീക്കത്തിൽ നിന്ന് ദേശീയ പാത അതോറിറ്റി പിന്‍മാറണമെന്ന് എൻ.കെ അക്ബർ എംഎൽഎ ആവശ്യപ്പെട്ടു. ടോൾ പിരിവ് അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാവണമെന്നാവശ്യപ്പെട്ട് പൊതുമാരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീറിനും ദേശീയപാത റീജിയണൽ ഓഫീസർക്കും എൻ.കെ അക്ബർ എംഎൽഎ കത്ത് നല്‍കി. ചാവക്കാട് ഒരുമനയൂർ, ചേറ്റുവ, കണ്ടശ്ശാംകടവ് പാലങ്ങളുടെ നിർമ്മാണം ഇനിയും പൂര്‍ത്തികരിച്ചിട്ടില്ല. എടമുട്ടം, മൂന്നുപീടിക തുടങ്ങി നിരവധി അപ്രോച്ച് റോഡുകളുടെയും നിർമ്മാണവും ഫൂട്ട് ഓവർ ബ്രിഡ്ജുകളുടെ നിർമ്മാണവും പൂർത്തീകരിക്കപ്പെട്ടിട്ടില്ല. ഇവയൊന്നും പൂർത്തീകരിക്കാതെ ടോൾ പിരിവ് ആരംഭിക്കുവാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്.
ദേശീയ പാത നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്. നേരഞ്ഞ ഉണ്ടായിരുന്ന വേഗത കുറഞ്ഞു പോയതിലും സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ വേണമെന്ന് മന്ത്രിയോട് എംഎൽഎ ആവശ്യപ്പെട്ടിടുണ്ട്. നാട്ടികയിൽ ടോൾ പിരിവ് തുടങ്ങുന്നത് എൻ എച്ച് എ യുടെ തന്നെ മുൻപ്രഖ്യാപനത്തിന് വിരുദ്ധമാണ്. ഈ തീരുമാനത്തില്‍ നിന്നും പിന്‍മാറുന്നതിന് എൻ എച്ച് എ യെ തയാറാകണമെന്നും സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഈ വിഷയത്തില്‍ ഉണ്ടാവുകയും വേണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു
