ചാവക്കാട്: ചാവക്കാട് താലൂക്ക് ആശുപത്രി പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം നവംബർ മാസത്തിൽ ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ നിർവഹിക്കുമെന്ന് എൻ.കെ അക്ബർ എംഎൽഎ അറിയിച്ചു. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് അടിയന്തിരമായി ചെയ്ത് തീര്‍ക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്കായി എന്‍.കെ അക്ബർ എം.എൽ.എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് എംഎൽഎ ഇക്കാര്യം അറിയിച്ചത്. ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ എ.എച്ച് അക്ബർ, പൊതുമരാമത്ത് വകുപ്പ്, ആരോഗ്യവകുപ്പ്, കെ.എസ്.ഇ.ബി വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. കെട്ടിടത്തിൻ്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മാറ്റിയ ഗാന്ധി പ്രതിമ അനുയോജ്യമായ സ്ഥലത്ത് സ്ഥാപിക്കാന്‍ യോഗത്തില്‍ തീരുമാനമായി. പുതിയ കെട്ടിടത്തിലേക്കുള്ള വൈദ്യുതി കണക്ഷന്‍ അടിയന്തിരമായി നല്‍കുന്നതിന് കെ.എസ്.ഇ.ബി യെ ചുമതലപ്പെടുത്തി. ആശുപത്രിയുടെ വൈദ്യുതി കണക്ഷന്‍ എച്ച്.ടി ലൈനാക്കി മാറ്റണമെന്നുള്ള കെ.എസ്.ഇ.ബി യുടെ ആവശ്യം പരിഗണിച്ച് ആയതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കുന്നതിന് പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗത്തെ ചുമതലപ്പെടുത്തി. ലിഫ്റ്റ് സൗകര്യം എത്രയും വേഗം ചെയ്യുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കാനും ഇലക്ട്രിക്കല്‍ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി. എം.എല്‍.എ ഫണ്ടില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തി നിര്‍വ്വഹിക്കാമെന്ന് എം.എല്‍.എ അറിയിച്ചു. പുതിയ വാര്‍ഡിലേക്കും കാഷ്വാലിറ്റി കോംപ്ലക്സിലേക്കും ആവശ്യമായി വരുന്ന ആശുപത്രി ഉപകരണങ്ങള്‍, ബെഡ് മുതലായവ അടിയന്തിരമായി ലഭ്യമാക്കാന്‍ ആശുപത്രി സൂപ്രണ്ടിനെയും പൊതുമരാമത്ത് എക്സി.എഞ്ചിനീയറെയും യോഗം ചുമതലപ്പെടുത്തി. ഉദ്ഘാടനത്തിന് മുന്നോടിയായി വാര്‍ഡുകളിലേക്ക് രോഗികളെ ഷിഫ്റ്റ് ചെയ്യുന്ന നടപടികളും ആരംഭിക്കാന്‍ ആശുപത്രി സൂപ്രണ്ടിന് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം എക്സി.എഞ്ചിനീയര്‍ വി. അജിത് കുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ. എ. ഷാജ്കുമാര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്സി.എഞ്ചിനീയര്‍ സന്ധ്യ സി, അസി.എക്സി.എഞ്ചിനീയര്‍ ബീന സി.ആര്‍, നഗരസഭ സെക്രട്ടറി സന്തോഷ്കുമാര്‍ പൊതുമരാമത്ത് അസി.എഞ്ചിനീയര്‍മാര്‍, കെ.എസ്.ഇ.ബി അസി.എഞ്ചിനീയര്‍മാര്‍, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
