ഫുട്ബോൾ ലോകകപ്പ് മത്സരത്തിന് മുമ്പ് വൈദ്യുതി മുടങ്ങിയതിലുള്ള വൈരാഗ്യത്താൽ അന്നമനട കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിൽ അതിക്രമിച്ചുകയറി ജീവനക്കാരനെ മർദിക്കുകയും ഓഫീസിലെ ക്യാബിൻ അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേരെ മാള പോലീസ് അറസ്റ്റ് ചെയ്തു. അന്നമനട വെണ്ണൂർ സ്വദേശികളായ മണി (41), അഭിജിത്ത് (26), അരുൺ (26) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 11.55-ഓടെയാണ് സംഭവങ്ങളുടെ തുടക്കം. അർജന്റീന – ഇംഗ്ലണ്ട് ഫുട്ബോൾ മത്സരം കാണാൻ തയ്യാറെടുക്കുന്നതിനിടെ വൈദ്യുതി മുടങ്ങിയതിലുള്ള വൈരാഗ്യത്താൽ പ്രതികൾ അന്നമനട കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലേക്ക് അതിക്രമിച്ചുകയറി വടികൊണ്ട് ക്യാബിൻ അടിച്ചുതകർക്കുകയായിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെ 12.05-ഓടെ വീണ്ടും ഓഫീസിലെത്തിയ പ്രതികളോട് കാര്യമന്വേഷിച്ച ഔദ്യോഗിക കൃത്യനിർവ്വഹണത്തിലായിരുന്ന ഓപ്പറേറ്ററായ കുഴൂർ പാറപ്പുറം സ്വദേശി കോട്ടായി വീട്ടിൽ നിഥിൻ (37) എന്നയാളെ വടികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഓഫീസിലെ ക്യാബിൻ തകർത്തതിലൂടെ ഏകദേശം 10,000 രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പരാതി. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും പ്രതികൾക്കെതിരെ കേസെടുത്തു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. മാള പോലീസ് സ്റ്റേഷൻ എസ് ഐ ഫൈസൽ കോറോത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ (ഗ്രേഡ്) മാരായ വിനോദ് കെ എഫ്, ഷാരോൺ കെ ആർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

