Thursday, July 16, 2026

വയോധികൻ്റെ മരണം കൊലപാതകം; 24 മണിക്കൂറിനുള്ളിൽ പ്രതി പിടിയിൽ

പാലിയേക്കര മേൽപ്പാലത്തിനടിയിൽ 70കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ തമിഴ്‌നാട് ധർമ്മപുരി സ്വദേശി പ്രഭാകരനെ (34) പുതുക്കാട് പോലീസ് 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തു. ജൂലൈ 14-ന് രാവിലെയാണ് മേൽപ്പാലത്തിന്റെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ തലവണിക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന പണ്ടാരപ്പറമ്പിൽ ചന്ദ്രൻ്റെ (70)  മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതോടെ പുതുക്കാട് പോലീസ് സ്ഥലത്തെത്തി സീൻഗാർഡ് ഏർപ്പെടുത്തുകയും, സയന്റിഫിക് ഓഫീസർ, ഫിംഗർ പ്രിന്റ് വിദഗ്ധർ, ഡോഗ് സ്‌ക്വാഡ് എന്നിവർ ചേർന്ന് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പ്രാഥമികമായി സ്ഥിരീകരിച്ചിരുന്നു.  ചന്ദ്രൻ വർഷങ്ങളായി കുടുംബമുപേക്ഷിച്ച് പാലിയേക്കര മേൽപ്പാലത്തിനടിയിലാണ് തങ്ങാറുള്ളത്. ആക്രി പറക്കി വിറ്റാണ് ചന്ദ്രൻ ജീവിതച്ചെലവിന് പണം കണ്ടെത്തുന്നത്. പ്രതിയായ പ്രഭാകരനും ആക്രി പെറുക്കി വിറ്റ് ജീവിക്കുന്നയാളാണ്. ഒരാഴ്ചയായി ചന്ദ്രനോടൊപ്പമാണ് രാത്രിയിൽ പ്രഭാകരൻ തങ്ങുന്നത്. 2026 ജൂലൈ 13-ന് ആക്രി പറുക്കി വിറ്റ പണം ഉപയോഗിച്ച് പാലിയേക്കര മേൽപ്പാലത്തിനടുത്തുള്ള കള്ള് ഷാപ്പിൽ വെച്ച് കള്ള് കുടിച്ചിരുന്നു. തുടർന്ന് പാലത്തിനടിയിൽ വെച്ച് ബീവറേജിൽ നിന്ന് ഇരുവരും ചേർന്ന് മദ്യം വാങ്ങുകയും വീണ്ടും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും ചെയ്തിരുന്നു രാത്രി മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ ചന്ദ്രൻ പ്രതിയുടെ അമ്മയെ അസഭ്യം പറഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ചന്ദ്രനെ കരിങ്കല്ലുകൊണ്ടും കോൺക്രീറ്റ് കഷണങ്ങൾ കൊണ്ടും തലയിൽ എറിഞ്ഞും അടിച്ചും  കൊലപ്പെടുത്തുകയായിരുന്നു. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക  അന്വേഷണ സംഘം പല ടീമുകളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിൽ തലേദിവസം ചന്ദ്രനോടൊപ്പം കാലിൽ മുട്ടിന് താഴെയുള്ള മുറിവ് കെട്ടി വച്ച നിലയിൽ ഒരാൾ ഉണ്ടായിരുന്നതായും അയാളെ ഇപ്പോൾ കാണാനില്ലയെന്നും വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇത്തരത്തിലുള്ള അടയാള വിവരങ്ങളോടു കൂടിയ ആളെക്കുറിച്ച് അന്വേഷണ സംഘം പല ടീമുകളായി തിരിഞ്ഞ് അന്വേഷണം നടത്തുന്നതിനിടയിൽ കുട്ടനെല്ലൂർ ഭാഗത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ ഇതുപോലെയുള്ള ഒരാൾ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചത് പ്രകാരം കുട്ടനെല്ലൂരിൽ അന്വേഷണ സംഘം എത്തി  പ്രതിയെ പിടികൂടുകയായിരുന്നു. പ്രഭാകരൻ  തമിഴ്നാട് ധർമ്മപുരി പെൻനഗരം പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരാളെ കരിങ്കല്ലു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും മറ്റൊരാളെ ആയുധമായി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലും പ്രതിയാണ്. പുതുക്കാട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ആദം ഖാൻ, എസ്.ഐമാരായ ഋഷിപ്രസാദ്, പാട്രിക്, മറ്റ് പോലീസ് ഉദ്യോഗസ്ഥരായ ലിയാസ്, ജോബി, ദീപക്, ഷിനോജ്, അരുൺ, മനീഷ്, ഫൈസൽ, യദു കൃഷ്ണൻ, ജിന്റോ, ഷെയ്ഖ് ഇബ്രാഹിം എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments