Saturday, July 11, 2026

തൃപ്രയാറിൽ കാർ തടഞ്ഞുനിർത്തി 16.25 ലക്ഷം രൂപയും  ഐഫോണും കവർന്നു; ഒരാൾ കൂടി പിടിയിൽ

തൃപ്രയാറിൽ കാർ തടഞ്ഞുനിർത്തി 16.25 ലക്ഷം രൂപയും ഐഫോണും കവർന്ന കേസിൽ ഒളിവിലായിരുന്ന ഒരു പ്രതിയെക്കൂടി പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു. പീച്ചി മയിലാടുംപാറ സ്വദേശി കോലയിൽ വീട്ടിൽ അലൻ കെ. ജയൻ (20) ആണ് പിടിയിലായത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ്-ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ ബംഗളൂരുവിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ബംഗളൂരുവിൽ നഴ്‌സിംങ്ങിന് പഠിക്കുന്ന അലൻ, കേസിലെ മുഖ്യപ്രതിയും രണ്ടാം പ്രതിയുമായ ഷനിൽ എന്ന കണ്ണന്റെ മുഖ്യ സഹായിയാണ്. കവർച്ചാ സംഘം സംഭവസ്ഥലത്തേക്ക് എത്തിയ ഇന്നോവ കാറിന്റെ വാടകത്തുക ഷനിലിന്റെ നിർദ്ദേശപ്രകാരം നൽകിയത് അലനാണ്. ക്വട്ടേഷൻ, മയക്കുമരുന്ന് മാഫിയയിലെ കണ്ണിയായ ഷനിലുമായി അടുത്ത ബന്ധം പുലർത്തുന്ന അലൻ, കവർച്ചയ്ക്ക് ശേഷം ഷനിൽ ഒളിവിൽ കഴിഞ്ഞപ്പോൾ ഇയാളെ നേരിട്ട് കാണുകയും താമസ സൗകര്യവും സാമ്പത്തിക സഹായങ്ങളും ചെയ്തു കൊടുത്തതായും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഷനിലടക്കമുള്ള എല്ലാ പ്രതികളെയും ഉടൻ തന്നെ പിടികൂടുമെന്നും ഇത്തരത്തിലുള്ള ക്രിമിനലുകളെ സഹായിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും റൂറൽ എസ്.പി അറിയിച്ചു. കഴിഞ്ഞ ജൂൺ 19-ന് രാത്രി 8.45-ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. സോഷ്യൽ മീഡിയ വഴി മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ യു.എസ്. ഡോളർ  ആക്കി നൽകാം എന്ന് വിശ്വസിപ്പിച്ച്, പാലക്കാട് സ്വദേശികളായ ബിനാൻസ് എക്സ്ചേഞ്ച് വഴി ക്രിപ്റ്റോ ട്രേഡിങ് നടത്തുന്ന ഇടപാടുകാരെ പ്രതികൾ തൃപ്രയാറിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ദുബായിലുള്ള നബീൽ എന്നയാളുടെ ബിനാൻസ് വാലറ്റിലേക്ക് യു.എസ്. ഡോളർ ക്രെഡിറ്റ് ചെയ്യുന്നതിന് പകരമായി നാട്ടിൽ കൈമാറാൻ കൊണ്ടുവന്ന 16,25,000 രൂപയുമായി പാലക്കാട് വിളയൂർ സ്വദേശികളായ മുഹമ്മദ് റാഫി, മുഹമ്മദ് അസ്ലം, അജിത്ത് കുമാർ, അബ്ദുൾ മജീദ് എന്നിവർ വെളുത്ത ടാറ്റ പഞ്ച് കാറിലാണ് എത്തിയത്. കവർച്ചാ സംഘത്തിലെ രണ്ട് പ്രതികൾ പാലക്കാട്ടുനിന്നുതന്നെ ഇവരുടെ കാറിൽ ഒപ്പം കയറി പണം കൈവശമുണ്ടെന്ന് ഉറപ്പുവരുത്തിയിരുന്നു. തുടർന്ന് കാർ തൃപ്രയാർ അമ്പലം വഴി പൈനൂർ ആമലത്ത് അമ്പലത്തിന് സമീപം എത്തിയപ്പോൾ, മറ്റ് പ്രതികൾ സഞ്ചരിച്ച ഇന്നോവ കാർ കുറുകെ നിർത്തി പഞ്ച് കാർ തടഞ്ഞു. ഈ സമയം കാറിനുള്ളിലുണ്ടായിരുന്ന രണ്ട് പ്രതികൾ ചേർന്ന് പാലക്കാട് സ്വദേശികളുടെ മുഖത്ത് പെപ്പർ സ്പ്രേ അടിച്ച ശേഷം പുറത്തിറങ്ങി. തൊട്ടുപിന്നാലെ ഇന്നോവ കാറിലിറങ്ങിയ മറ്റ് സംഘാംഗങ്ങൾ പഞ്ച് കാറിന്റെ ചില്ലുകൾ തല്ലിത്തകർക്കുകയും ഉള്ളിലുണ്ടായിരുന്നവരെ വാളുകൊണ്ട് വെട്ടിയും കമ്പിവടികൊണ്ട് അടിച്ചും ക്രൂരമായി പരിക്കേൽപ്പിച്ചു. തുടർന്ന് 16.25 ലക്ഷം രൂപയും ഒരു ലക്ഷം രൂപ വിലമതിക്കുന്ന ഐഫോൺ 15 പ്രോ മാക്സ് ഫോണും കവർന്ന് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത പ്രത്യേക അന്വേഷണ സംഘത്തിൽ ഇരിങ്ങാലക്കുട ഡി വൈ എസ് പി സന്തോഷ് കുമാർ, അന്തിക്കാട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. വി.എം. കേഴ്സൺ, എസ്.ഐമാരായ എം. അഫ്സൽ, പി. ജയകൃഷ്ണൻ, ജി.എ.എസ്.ഐ രാജു പി വി, ജി.എ.എസ്.ഐ ജീവൻ ഇ എസ്, ജി.എസ്.സി.പി.ഒ  സോണി പി എക്സ്, ജി.എസ്.സി.പി.ഒ കൃഷ്ണദാസ്,  സി.പി.ഒ സുർജിത് സാഗർ എന്നിവരാണ് ഉണ്ടായിരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments