ചാവക്കാട്: ചാവക്കാട് താലൂക്ക് തഹസിൽദാർ പദവിയെ കക്ഷി രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ തർക്കത്തിന്റെ വേദിയായി മാറ്റിയ കോൺഗ്രസ് നിലപാട് അപഹാസ്യമാണെന്ന് സിപിഎം ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടിശിവദാസ്. ചാവക്കാട് തഹസിൽദാരെ കോൺഗ്രസ് ഷാൾ അണിയിച്ച കോൺഗ്രസ് നേതാക്കൾ ചാവക്കാട് താലൂക്ക് ഓഫീസിനെ രാഷ്ട്രീയ വൽക്കരിച്ചിരിക്കുകയാണ്. സർക്കാരിന് റവന്യൂ വകുപ്പിന് ഉദ്യോഗസ്ഥരെ നിയമിക്കുവാനുള്ള അവകാശമുണ്ട്. എന്നാൽ, തങ്ങളുടെ നേതാവാണ് തഹസിൽദാരെന്ന് പ്രഖ്യാപിച്ച് നിഷ്പക്ഷമായി നിർവ്വഹിക്കേണ്ട എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് പദവിയെ രാഷ്ട്രീയ ഓഫിസാക്കി മാറ്റിയത് അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഇടത് – വലത് മുന്നണികൾ കേരളത്തിൽ നേരത്തെ അധികാരത്തിലെത്തിയ ഒരു ഘട്ടത്തിലും ഇങ്ങിനെ ഒരു നടപടി ഉണ്ടായിട്ടില്ല. ഇത് പ്രതിഷേധാർഹമാണെന്നും കക്ഷി രാഷ്ട്രീയ പ്രേരിതമായ നടപടികൾ തഹസിൽദാരുടെ ഭാഗത്ത് നിന്നുണ്ടായാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ശിവദാസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

