ഓസ്ട്രിയയെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കു തകർത്തെറിഞ്ഞ് ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ കടന്ന് സ്പെയിൻ. മികേല്‍ ഒയർസബാലിന്റെ ഇരട്ട ഗോളുകളും (36,86), പെഡ്രോ പൊറോയുടെ ഗോളുമാണ് (66) സ്പെയിന് അനായാസ വിജയം നേടിക്കൊടുത്തത്. പ്രീക്വാർട്ടറിൽ പോർച്ചുഗൽ– ക്രൊയേഷ്യ മത്സരത്തിലെ വിജയികളെ സ്പെയിൻ നേരിടും. മത്സരത്തിന്റെ ഇരു പകുതികളിലും ഓസ്ട്രിയയ്ക്കെതിരെ സമ്പൂർണ ആധിപത്യം സ്ഥാപിച്ച സ്പെയിൻ 22 ഗോൾ ശ്രമങ്ങളും 10 ഓൺടാർഗറ്റ് ഷോട്ടുകളുമാണ് ലൊസാഞ്ചലസിൽ പരീക്ഷിച്ചത്. അതേസമയം ഓസ്ട്രിയയ്ക്ക് ഒരു ഓൺടാർഗറ്റ് ഷോട്ട് പോലുമില്ല.

