നിശ്ചിത സമയത്തും എക്ട്രാ ടൈമിലും തുല്യത പാലിച്ച ജർമനിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് പാരഗ്വായ് (3-4) പ്രീക്വാർട്ടറിൽ. 42 ാം മിനിറ്റിൽ ജൂലിയോ എൻസിസോയാണ് പാരഗ്വായ്‌യുടെ ആദ്യ ഗോൾ നേടിയത്. ലോകകപ്പിലെ ഒരു നോക്കൗട്ട് മത്സരത്തിൽ പാരഗ്വായ്‌യുടെ ആദ്യ ഗോളാണിത്. 54 ാം മിനിറ്റിലെ ഗോളിൽ സ്ട്രൈക്കർ കായ് ഹാവേർട്സാണ് ജർമനിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
പാരഗ്വായ്‌യുടെ മുന്നേറ്റത്തോടെയായിരുന്നു മത്സരത്തിന്റെ തുടക്കം. 21 ാം സെക്കൻഡിൽ പാരഗ്വായ്‌ക്ക് ലഭിച്ച ആദ്യ കോർണറിൽ ജൂലിയോ എൻസിസോ ഉയർത്തിയടിച്ച പന്ത് അലോൺസോയുടെ കാലുകളിലേക്ക് എത്തിയെങ്കിലും പോസ്റ്റിലേക്ക് തട്ടിയിടാനുള്ള ശ്രമത്തിനിടെ ലക്ഷ്യംതെറ്റി. 6 ാം മിനിറ്റിൽ പാരഗ്വായ് പോസ്റ്റിനു മുന്നിൽ നിന്ന് ഡെനിസ് ഉൻഡാവ് ഉയർത്തിയടിച്ച് ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കു പോയി. പിന്നീട് പാരഗ്വായ്‌യുടെ പാതിയിലായിരുന്നു ഏറെ സമയം പന്ത് ചലിച്ചതെങ്കിലും പോസ്റ്റു ലക്ഷ്യമാക്കിയുള്ള ഷോട്ടുകൾ വിരളമായിരുന്നു. മുന്നേറ്റനീക്കങ്ങൾ നടത്തുമ്പോഴും ഗോൾ വഴങ്ങാതിരിക്കുന്നതിനാണ് ഇരുടീമുകളും മുൻതൂക്കം നൽകിയത്.
ഒടുവിൽ 42 ാം മിനിറ്റിൽ ജർമൻ പ്രതിരോധം ഭേദിച്ച് ജൂലിയോ എൻസിസോ പാരഗ്വായ്‌ക്ക് ലീഡ് നേടിക്കൊടുത്തു. വലതുവിങ്ങിലെ മികച്ച നീക്കങ്ങൾക്കൊടുവിൽ അൽമിറോൺ ബോക്സിലേക്ക് അതിശക്തമായി പായിച്ച പന്ത് ജൂലിയോ എൻസിസോ എട്ട് യാർഡ് അകലെ നിന്ന് ഹെഡ് ചെയ്ത് വല കുലുക്കിയപ്പോൾ ജർമൻ ഗോൾ കീപ്പർ മാനുവൽ നോയറിന് നോക്കി നിൽക്കാനെയായുള്ളു. മന്ദഗതിയിൽ കളിച്ച ജർമനിക്ക് അതിന്റെ വില നൽകേണ്ടി വരികയായിരുന്നു. ആദ്യ പകുതിയിൽ രണ്ട് ഓൺടാർജറ്റ് ഷോട്ടുകൾ പാരഗ്വായ് തൊടുത്തപ്പോൾ മുൻ ലോകചാംപ്യന്മാരുടെ ഓൺടാർജറ്റ് ഷോട്ടുകൾ പൂജ്യമായിരുന്നു. പോസ്റ്റ് ലക്ഷ്യമാക്കി ജർമനി 5 ഷോട്ടുകൾ പായിച്ചപ്പോൾ പാരഗ്വായ് 3 ഷോട്ടുകൾ മാത്രമാണ് പായിച്ചത്. 354 പാസുകളാണ് ജർമനി ആദ്യ പകുതിയിൽ നടത്തിയതെങ്കിൽ പാരഗ്വായ്‌യുടെ പാസുകൾ 89 ൽ ഒതുങ്ങി.
രണ്ടാം പകുതിയിൽ പാരഗ്വായ്‌യുടെ മുന്നേറ്റത്തോടെയായിരുന്നു തുടക്കം. 50 ാം മിനിറ്റിൽ ബോക്സിനുള്ളിൽ നിന്നുള്ള ജൂലിയോ എൻസിസോയുടെ ഗോൾശ്രമം ജർമൻ ഗോൾ കീപ്പർ മാനുവൽ നോയർ തടുത്തു. പിന്നാലെ മത്സരത്തിലെ ജർമനിയുടെ ആദ്യ ഓൺടാർജറ്റ് ഷോട്ട് വലയിലെത്തിച്ച് കായ് ഹാവേർട്സ് ജർമനിയ്‌ക്ക് സമനില സമ്മാനിച്ചു. ബോക്സിനു പുറത്തു നിന്ന് ഫ്ലോറിയൻ വിർട്സിന്റെ ലോങ് റേഞ്ചർ കൃത്യമായി ബോക്സിനുള്ളിൽ നിന്ന കായ് ഹാവേർട്സിന്റെ തലയിലേക്ക്. കാത്തുനിന്ന ഹാവേർട്സ് പന്ത് വലയിലേക്ക് തട്ടിയിട്ടു. 78 ാം മിനിറ്റിൽ ബോക്സിൽ നിന്ന് ഹെഡറുമായി കായ് ഹാവേർട്സ് വീണ്ടും ഗോൾ കീപ്പർ ഓർലാൻഡോ ഗില്ലിനെ പരീക്ഷിച്ചെങ്കിലും തട്ടിയകറ്റി. മത്സരത്തിന്റെ അധിക സമയത്ത് കോർണർ കിക്കിൽ നിന്ന് ലഭിച്ച പന്ത് ജോനാഥൻ താഹ് പോസ്റ്റിലേക്ക് ഹെഡ് ചെയ്തെങ്കിലും ഗോൾ കീപ്പറെ മറികടക്കാനായില്ല.

