ചാവക്കാട്: തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം ലക്ഷ്യമിട്ട് ചാവക്കാട് നഗരസഭയിൽ ആരംഭിക്കുന്ന എ.ബി.സി സെന്ററിന്റെ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. പദ്ധതിക്കാവശ്യമായ ജീവനക്കാരെ കണ്ടെത്തുന്നതിനായുള്ള അഭിമുഖം നഗരസഭാ കാര്യാലയത്തിൽ വെച്ച് നടന്നു. വെറ്ററിനറി സർജൻ, ഡോഗ് ക്യാച്ചർ (വാഹനസഹിതം), മൃഗപരിപാലകർ, ഓപ്പറേഷൻ തിയേറ്റർ സഹായി, ശുചീകരണ സഹായി തുടങ്ങിയ തസ്തികകളിലേക്കാണ് യോഗ്യരായ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുത്തത്. നിയമന നടപടികൾ പൂർത്തിയാക്കി സെന്റർ എത്രയും വേഗം പ്രവർത്തനസജ്ജമാകും. നഗരസഭാ പരിധിയിലെ തെരുവുനായ വന്ധ്യംകരണവും പ്രതിരോധ കുത്തിവയ്പ്പുകളും കാര്യക്ഷമമായി നടപ്പിലാക്കി പൊതുജനങ്ങൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സെന്റർ പ്രവർത്തനം തുടങ്ങുന്നതോടെ തെരുവുനായകളുടെ എണ്ണം നിയന്ത്രിക്കുന്നതിനൊപ്പം അവയ്ക്ക് ശാസ്ത്രീയമായ പരിചരണവും സുരക്ഷിതത്വവും ഉറപ്പാക്കാൻ സാധിക്കുമെന്ന് ചാവക്കാട് നഗരസഭ ചെയർപേഴ്സൺ എ.എച്ച് അക്ബർ അറിയിച്ചു.

