പിന്നിൽ നിന്ന ശേഷം രണ്ടു ഗോളുകളടിച്ച് ബ്രസീൽ ജപ്പാനെ തോൽപ്പിച്ചു. 29 ാം മിനിറ്റിൽ കൈഷു സാനോയാണ് ജപ്പാനെ മുന്നിലെത്തിച്ചത്. 56 ാം മിനിറ്റിൽ കാസെമിറോയുടെ ഹെഡറിൽ ബ്രസീൽ ഗോൾ മടക്കി. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ (90+5) ഗബ്രിയേൽ മാർട്ടിനെല്ലി കാനറികളുടെ വിജയഗോൾ നേടി. മത്സരം എക്ട്രാ ടൈമിലേക്ക് എന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ബ്രസീൽ വിജയഗോൾ നേടിയത്. മുൻപ് ഇരുടീമുകളും നേർക്കുനേർ വന്ന ഏക ലോകകപ്പ് പോരാട്ടത്തിലും (2006) പിന്നിൽ നിന്ന ശേഷമാണ് ജപ്പാനെ ബ്രസീൽ (1–4) തകർത്തത്. ജർമനിയിലെ വെസ്റ്റ്ഫാലൻസ്റ്റേഡിയനിൽ നടന്ന പോരാട്ടത്തിൽ കെയ്ജി തമദയുടെ (33′) ഗോളിൽ ജപ്പാൻ ആദ്യം ലീഡ് പിടിച്ചെങ്കിലും റൊണാൾഡോയുടെ ഡബിളും (45+1′, 81′), ജുനിഞ്ഞോ (53′), ഗിൽബർട്ടോ മെലോ (59′) ജപ്പാനെ നിലംപരിശാക്കുകയായിരുന്നു.
57 ശതമാനം പന്തടക്കത്തോടെ ബ്രസീലാണ് ആദ്യ മിനിറ്റുകളിൽ ആധിപത്യം പുലർത്തിയത്. 10 ാം മിനിറ്റിൽ ജപ്പാൻ ഗോൾമുഖത്ത് ബ്രസീൽ നടത്തിയ ആക്രമണത്തിനിടെയുണ്ടായ കൂട്ടപ്പൊരിച്ചിലിനിടെ ജപ്പാൻ ഗോള്‍ കീപ്പര്‍ സിയോണ്‍ സുസുക്കി പന്ത് കൈപ്പിടിയിലൊതുക്കി. പിന്നാലെ 14 ാം മിനിറ്റിൽ വീണ്ടും ജപ്പാന്റെ ബോക്സിൽ ബ്രസീലിന്റെ റെയ്‌ഡ്. മത്തേയുസ് കുഞ്ഞ തൊടുത്ത ഷോട്ട് ജപ്പാൻ ഗോള്‍ കീപ്പര്‍ തട്ടിയകറ്റി. സെക്കൻഡുകൾക്കുള്ളിൽ ബ്രൂണോ ഗിമാരയസും ഗോൾശ്രമം നടത്തിയെങ്കിലും വിഫലമായി. പിന്നാലെ കാസെമിറോയുടെ ഫൗളിൽ ബ്രസീൽ ബോക്സിന് മുന്നിൽ ജപ്പാന് ഫ്രീകിക്ക് ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. ആദ്യ ഹൈഡ്രേഷൻ ബ്രേക്ക് വരെ ഇരുടീമുകൾക്കും ഒരു ഓൺടാർജറ്റ് ഷോട്ടു പോലും പായിക്കാനായില്ല.
29 ാം മിനിറ്റിൽ ജപ്പാൻ കാത്തിരുന്ന നിമിഷമെത്തി. ബ്രസീലിന്റെ മിസ് പാസ് പിടിച്ചെടുത്ത് ബ്രസീൽ ഗോൾമുഖത്തേക്ക് പന്തുമായി കുതിച്ച കൈഷു സാനോ, ബോക്സിനു മുന്നിൽ നിന്ന് പായിച്ച നെടുനീളൻ ഷോട്ട് ഗോൾകീപ്പർ അലിസനെ മറികടന്ന് വലയിൽ പതിക്കുകയായിരുന്നു. പിന്നാലെ തുടരെ ആക്രമണങ്ങളുമായി ബ്രസീൽ സമനിലയ്‌ക്ക് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആദ്യ പകുതിയിൽ രണ്ട് ഓൺടാർജറ്റ് ഷോട്ടുകൾ ബ്രസീൽ തൊടുത്തപ്പോൾ ജപ്പാന്റെ ഏക ഓൺടാർജറ്റ് ഷോട്ട് ഗോളായി.
രണ്ടാം പകുതിയിൽ ജാപ്പനീസ് ഗോൾമുഖത്തേക്ക് ഇരച്ചുകയറി തുടരെ ആക്രമണം നടത്തിയ ബ്രസീൽ 56 ാം മിനിറ്റിൽ കാസെമിറോയുടെ ഹെഡറിൽ ഗോൾ മടക്കുകയായിരുന്നു. 52, 53 മിനിറ്റുകളിൽ ഗോളെന്നുറപ്പിച്ച രണ്ട് സുവർണാവസരങ്ങൾ നഷ്ടപ്പെട്ടതിനു ശേഷമായിരുന്നു കാനറികൾ ഗോൾ മടക്കിയത്. 53 ാം മിനിറ്റിൽ കാസെമിറോയുടെ ഗോൾശ്രമം ഗോൾവരയ്‌ക്കു മുന്നിൽ ജാപ്പനീസ് താരം താകെഹിറോ ടോമിയാസുയുടെ കാലിൽ തട്ടി അകലുകയായിരുന്നു. ഒടുവിൽ നിശ്ചിത സമയത്തിന്റെ അധിക സമയത്ത് ഗബ്രിയേൽ മാർട്ടിനെല്ലി കാനറികളുടെ വിജയഗോൾ നേടുകയായിരുന്നു.
