ഗുരുവായൂർ: ലോകകപ്പ് ഫുട്‌ബോള്‍ ബിഗ് സ്ക്രീൻ പ്രദര്‍ശനം തടഞ്ഞുള്ള തദ്ദേശ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എൻ.കെ അക്ബർ എംഎൽഎ മന്ത്രിമാരായ കെ.എം .ഷാജി, പി.കെ. കുഞ്ഞാലികുട്ടി, തദ്ദേശ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ഫുട്‌ബോള്‍ പ്രേമികളുടെ ആവശ്യം അംഗീകരിക്കണമെന്നും നഗരസഭ ഭരണ സമിതിയുടെ തീരുമാനം നടപ്പാക്കപ്പെടണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. മന്ത്രിമാർ അനുഭാവപൂര്‍വമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതായി എം.എല്‍.എ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കോടതിയിലെ കേസില്‍ ഉത്തരവ് ലഭ്യമായ ശേഷം ഉചിതമായ തീരുമാനം അറിയിക്കാമെന്ന് തദ്ദേശ മന്ത്രി കെ.എം.ഷാജി പറഞ്ഞതായും അറിയിച്ചു. ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദന്‍, വൈസ് ചെയര്‍മാന്‍ കെ.കെ.ജ്യോതിരാജ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി അനൂപ് എന്നിവരും എം.എല്‍.എക്കൊപ്പം ഉണ്ടായിരുന്നു.

