ചാവക്കാട്: തോമാശ്ലീഹാ എ.ഡി. 52-ൽ കടൽമാർഗം ഇന്ത്യയിൽ പ്രവേശിച്ചതിന്റെ സ്മരണ പുതുക്കി പാലയൂർ മാർതോമാ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിന്റെ നേതൃത്വത്തിൽ മാർതോമാശ്ലീഹായുടെ ഭാരത പ്രവേശന തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു. ബ്ലാങ്ങാട് കടൽത്തീരത്തുള്ള സാന്ത്വനം പ്രാർത്ഥനാലയത്തിലായിരുന്നു തിരുനാൾ ആഘോഷങ്ങൾ നടന്നത്. തൃശ്ശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത്, സഹായമെത്രാൻ മാർ ടോണി നീലങ്കാവിലിൽ എന്നിവരുടെ കാർമികത്വത്തിൽ നടന്ന തിരുക്കർമ്മങ്ങൾ നടന്നു. മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക ആശീർവാദവും വള്ളങ്ങൾ, ബോട്ടുകൾ, മത്സ്യബന്ധന വലകൾ എന്നിവയുടെ വെഞ്ചരിപ്പും നടന്നു. ചടങ്ങുകൾക്ക് പാലയൂർ ഫൊറാനയിലെ വൈദീകരും, സന്യസ്തരും നേതൃത്വം നൽകി. തുടർന്ന് വിശുദ്ധ തോമാശ്ലീഹായുടെ ആഘോഷമായ നൊവേനയും ലദീഞ്ഞും നടന്നു. മാർതോമാശ്ലീഹായുടെ പാദസ്പർശമേറ്റുവെന്ന് വിശ്വാസികൾ കരുതുന്ന ബ്ലാങ്ങാട് കടൽത്തീരത്ത് നടന്ന തിരുനാൾ ആഘോഷങ്ങളിൽ നൂറുകണക്കിന് വിശ്വാസികളും തീർത്ഥാടകരും പങ്കുചേർന്നു. ആത്മീയാഘോഷങ്ങൾക്ക് പിന്നാലെ കേരളത്തിന്റെ തനതായ ക്രൈസ്തവ പാരമ്പര്യകലകൾ അരങ്ങേറി. പാലയൂർ ഇടവകയിലെ ഭക്തസംഘടനകളുടെ നേതൃത്വത്തിൽ മാർഗംകളി, പരിചമുട്ടുകളി, ചവിട്ടുനാടകം, റമ്പാൻപാട്ട് തുടങ്ങിയ കലാരൂപങ്ങൾ അവതരിപ്പിച്ചു. എല്ലാ ഭക്തജനങ്ങൾക്കും സ്നേഹവിരുന്നും ഒരുക്കിയിരുന്നു. പാലയൂർ തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ, അസിസ്റ്റന്റ് വികാരി റവ. ഫാ. നിതിൻ താഴത്ത്, തൃശ്ശൂർ അതിരൂപത സോഷ്യൽ ആക്ഷൻ ഡയറക്ടറും ബ്ലാങ്ങാട് സാന്ത്വന തീരം ഇൻ ചാർജുമായ റവ. ഫാ. ജോജു ആളൂർ, സിസ്റ്റർ. നിർമൽ ജോസ്,പാലയൂർ ഇടവക ട്രസ്റ്റിമാരായ സാബു മഞ്ഞളി, ഷിനു ജോസ്, വർഗീസ് പി.കെ., ജോൺജോ ജോൺസൺ, പ്രോഗ്രാം കൺവീനർ ജെയ്സൺ സി.ജി, സാന്ത്വന തീരം പ്രതിനിധി ടോണി ചക്രമാക്കിൽ, സാന്ത്വന തീരം പ്രതിനിധികളായ ശ്രീ രജനി, ആന്റണി പിള്ള എന്നിവർ നേതൃത്വം നൽകി.
