തിരുവനന്തപുരം: ഒരാഴ്ച നീണ്ട അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും വിരാമമിട്ട് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. എല്ലാവർക്കും സ്വീകാര്യമായ ഒരു പ്രത്യേക ഫോർമുലയാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നതെന്നും, ആരെയും ഒഴിവാക്കിയെന്ന സന്ദേശം നൽകാത്ത വിധത്തിലായിരിക്കും തീരുമാനമെന്നും കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഹൈക്കമാൻഡിന്റെ തീരുമാനം അടങ്ങിയ മുദ്രവെച്ച കവർ എഐസിസി പ്രതിനിധി ദീപാദാസ് മുൻഷിക്ക് കൈമാറിക്കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് കെപിസിസി ആസ്ഥാനത്ത് ചേരുന്ന നിയമസഭാ കക്ഷി യോഗത്തിൽ വെച്ച് എംഎൽഎമാരെ ഈ തീരുമാനം അറിയിക്കും. നിയമസഭാ കക്ഷി യോഗം നടക്കുന്ന അതേ സമയം തന്നെ യുഡിഎഫിലെ ഘടകകക്ഷി നേതാക്കളെയും ഹൈക്കമാൻഡ് തീരുമാനം ബോധ്യപ്പെടുത്തും എന്നാണ് വിവരം.മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും ഉയർന്നുകേൾക്കുന്ന പേരുകളിലൊന്നാണ് കെസി വേണുഗോപാലിന്റേത്. എന്നാൽ അദ്ദേഹം ഡൽഹിയിലെ തന്റെ വസതിയിൽ തന്നെ തുടരുകയാണ് എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അദ്ദേഹം നിയുക്ത മുഖ്യമന്ത്രിയായാണോ അതോ സംഘടനാ ജനറൽ സെക്രട്ടറി എന്ന നിലയിലാണോ യോഗത്തിൽ പങ്കെടുക്കുക എന്ന കാര്യത്തിൽ ഇപ്പോഴും സസ്‌പെൻസ് നിലനിൽക്കുന്നുണ്ട്. പ്രഖ്യാപനം വന്ന ശേഷം ചാർട്ടേഡ് വിമാനത്തിൽ അദ്ദേഹത്തിന് തിരുവനന്തപുരത്ത് എത്താൻ കഴിയുമെന്ന സാധ്യതയും ചർച്ച ചെയ്യപ്പെടുന്നുണ്ട്. സാധാരണയായി കോൺഗ്രസ് ക്യാമ്പുകളിൽ നിന്ന് വാർത്തകൾ ചോരാറുണ്ടെങ്കിലും, ഇത്തവണ അത്യന്തം രഹസ്യാത്മകമായാണ് ഹൈക്കമാൻഡ് പ്രവർത്തിച്ചത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മാതൃകയിലാണ് തങ്ങൾ പ്രവർത്തിച്ചത് എന്നാണ് ഒരു മുതിർന്ന നേതാവ് പ്രതികരിച്ചത്. നേതൃത്വത്തിനിടയിൽ ഭിന്നതകളുണ്ടെന്ന വാർത്തകളെ തള്ളിക്കൊണ്ട് നേതാക്കൾ എല്ലാവരും ഒരുമിച്ചു നിന്ന് ‘ടീം യുഡിഎഫ്’ ആണെന്ന സന്ദേശം നൽകാനാണ് പാർട്ടി ശ്രമിക്കുന്നത്. ആരാണ് മുഖ്യമന്ത്രി എന്ന കാര്യത്തിൽ ഇപ്പോഴും കൃത്യമായ ഒരു പേരിലേക്ക് മാധ്യമങ്ങൾക്കും രാഷ്ട്രീയ നിരീക്ഷകർക്കും എത്താൻ സാധിച്ചിട്ടില്ല. ഉച്ചയ്ക്ക് ഒരു മണിയോടെ കേരളത്തിന്റെ ഭരണത്തലവനെക്കുറിച്ചുള്ള ഔദ്യോഗിക ചിത്രം തെളിയുമെന്നാണ് പ്രതീക്ഷ.

