കടപ്പുറം: ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ തൊഴിൽ നൈപുണ്യ വികസന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ജില്ല പഞ്ചായത്ത് അംഗം അഡ്വ.വി.എം മുഹമ്മദ് ഗസാലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് സ്വാലിഹ ഷൗക്കത്ത് മുഖ്യാതിഥിയായി. തൃശ്ശൂർ എസ്.എസ്.കെ ഡിസ്ട്രിക് പ്രോജക്ട് ഓഫീസർ കെ.ബി ബ്രിജി, ചാവക്കാട് ബി.ആർ.സി ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ സംഗീത, പി.ടി.എ പ്രസിഡണ്ട് പി.എം മുജീബ്, വി.എച്ച്.എസ്.ഇ വിഭാഗം പ്രിൻസിപ്പൽ കെ.ബി ബിവാഷ്, ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ എൽ ശ്രീകല, ഹൈസ്കൂൾ വിഭാഗം പ്രധാനാധ്യാപക നിമ്മി മേപ്പുറത്ത്, പൂർവ വിദ്യാർത്ഥി പ്രസിഡണ്ട് പി.വി ഉമ്മർ കുഞ്ഞി എന്നിവർ സംസാരിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സർവ്വശിക്ഷാ കേരളയുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ തൊഴിൽ പരിശീലനം നൽകുന്നതിന്റെ ഭാഗമായി വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയിൽ ചാവക്കാട് ഉപജില്ലയിലെ ഏക സെന്റർ ആണ് കടപ്പുറം ഗവ. വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ. വിദേശത്തും സ്വദേശത്തും ധാരാളം തൊഴിൽ സാധ്യതയുള്ള ജിം ട്രെയിനർ,മൊബൈൽ ഫോൺ ഹാർഡ്‌വെയർ, റിപ്പയർ ടെക്നീഷ്യൻ എന്നീ വിഭാഗങ്ങളായി രണ്ടു കോഴ്സുകളാണ് വിദ്യാലയത്തിൽ ആരംഭിച്ചിട്ടുള്ളത്. വിദ്യാർത്ഥികൾക്ക് പഠിക്കുന്നതിന് വേണ്ടി ശനി,ഞായർ ദിവസങ്ങളിൽ ക്ലാസ് വരുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
തൊഴിൽ പരിശീലിക്കുന്നതിന് വേണ്ടി സ്കൂളിൽ ആരംഭിച്ച ലാബുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സർവ്വശിക്ഷാകേരളയുടെ നേതൃത്വത്തിൽ ആരംഭിച്ച ഇത്തരം കോഴ്സുകൾ സൗജന്യമായി വിദ്യാർത്ഥികൾക്ക് കേന്ദ്ര അംഗീകാരത്തിലുള്ള സർട്ടിഫിക്കറ്റ് ലഭിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. 15 വയസ്സ് മുതൽ 23 വയസ്സ് വരെയുള്ള കുട്ടികൾക്ക് പത്താംക്ലാസ് യോഗ്യത നേടിയാൽ പഠിക്കാവുന്ന രീതിയിൽ ക്രമീകരിച്ചിട്ടുള്ള സിലബസ് വിദഗ്ധരായ പരിശീലകരാണ് പരിശീലിപ്പിക്കുക. കുട്ടികൾക്ക് തൊഴിൽ പരിശീലിപ്പിക്കുന്നതിലൂടെ ഗ്രാമത്തിന്റെ തൊഴിൽ സാധ്യതയുടെ വികസനം എന്ന ലക്ഷ്യത്തിൽ ആരംഭിച്ച പദ്ധതി കടപ്പുറം പഞ്ചായത്തിന്റെ വിദഗ്ധരെ നിർമ്മിച്ച് എടുക്കുന്ന തൊഴിൽ കേന്ദ്രമായി മാറും. മറ്റ് സ്കൂൾ പഠനത്തോടൊപ്പം ശനി, ഞായർ ദിവസങ്ങളിൽ തൊഴിൽ പഠനം സാധ്യമാക്കുന്നതിനാൽ കുട്ടികൾക്കിടയിൽ വളരെ ശ്രദ്ധനേടി ഈ പദ്ധതി. പദ്ധതിയിൽ ഇടം നേടിയ ചാവക്കാട് ഉപജിലയിലെ ഏക വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ് കടപ്പുറം.