Sunday, June 14, 2026

കളം നിറഞ്ഞു കളിച്ചു; ഹെയ്തിയെ വീഴ്ത്തി സ്‌കോട്ട്‌ലൻഡ്

 ഫിഫ ലോകകപ്പ് ഗ്രൂപ്പ് സി-യിൽ ഹെയ്തിയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി സ്കോട്ട്ലൻഡ്. 28-ാം മിനിറ്റിൽ മിഡ്ഫീൽഡർ ജോൺ മക്ഗിൻ നേടിയ ഗോളാണ് സ്‌കോട്ട്‌ലൻഡിന് ലീഡ് നൽകിയത്. ഹെയ്തി പ്രതിരോധത്തെ കീറിമുറിച്ച് മുന്നേറിയ ചെ ആദംസ് തൊടുത്ത ഷോട്ട് ഹെയ്തി ഗോൾക്കീപ്പർ തട്ടിയകറ്റിയെങ്കിലും ജോൺ മക്ഗിന്റെ കാലിലെത്തി. പന്ത് സ്വീകരിച്ച മക്ഗിൻ ഒരുനിമിഷം പാഴാക്കാതെ സ്‌കോട്ട്‌ലൻഡിനായി വലകുലുക്കി. ഇതോടെ ബ്രസീലും മൊറൊക്കോയും ഉൾപ്പട്ടെ ഗ്രൂപ്പ് സി-യിൽ സ്കോട്ട്ലൻഡ് ഒന്നാമതെത്തി.

മത്സരത്തിന്റെ ആദ്യഘട്ടത്തിൽ സ്‌കോട്ട്‌ലൻഡാണ് കളം നിറഞ്ഞതെങ്കിലും പത്തുമിനിറ്റുകൾക്കുശേഷം ഹെയ്തി ശക്തമായി തിരിച്ചെത്തി. ലൂസിയസ് ഡീഡ്സൺ, ജീൻ-റിക്‌നർ ബെല്ലെഗാർഡ്, വിൽസൺ ഇസിഡോർ എന്നിവരുടെ നേതൃത്വത്തിൽ ഹെയ്തി സ്‌കോട്ട്ലൻഡിനെ കടുത്ത സമ്മർദ്ദത്തിലാഴ്ത്തി. എന്നാൽ 16-ാം മിനിറ്റിൽ മക്ടോമിന തൊടുത്ത മനോഹരമായ ഒരു കർവിങ് ഷോട്ട് ഹെയ്തി ഗോൾക്കീപ്പറേയും മറികടന്ന് പോസ്റ്റിലിടിച്ചതോടെ സ്‌കോട്ട്‌ലൻഡിന് നിർഭാഗ്യംകൊണ്ട് ഗോൾ നിഷേധിക്കപ്പെട്ടു.

പിന്നീട് 28-ാം മിനിറ്റിലാണ് കാത്തിരുന്ന ഗോൾ കണ്ടെത്തിയത്. ആദംസിന്റെ ക്ലോസ് റേഞ്ച് ഷോട്ട് ഹെയ്തി ഗോൾക്കീപ്പർ ജോണി പ്ലാസിഡ് അതിശയകരമാംവിധം തടഞ്ഞിട്ടു. എന്നാൽ പന്ത് നേരെ ചെന്നുവീണത് മക്ഗിന്നിന്റെ മുന്നിലായിരുന്നു. ബോക്‌സിനുള്ളിൽ വെച്ച് ഏറ്റവും വേഗത്തിൽ പ്രതികരിച്ച മക്ഗിൻ, പന്ത് കൃത്യമായി ഗോൾപോസ്റ്റ് ലക്ഷ്യമാക്കി തിരിച്ചുവിട്ടു. തുടർന്ന് ഹെയ്തി ഒരു ഗോൾ അവസരത്തിനായി സ്‌കോട്ട്‌ലൻഡ് മുഖത്ത് കിണഞ്ഞ് ശ്രമിച്ചെങ്കിലും ആദ്യപകുതി 1-0ന് അവസാനിച്ചു.

രണ്ടാംപകുതിയിലും ഹെയ്തി മികച്ച മുന്നേറ്റം നടത്തി. കടുത്ത ശാരീരികക്ഷമതയും ഫൗളുകളും സ്‌കോട്ടിഷ് താരങ്ങളെ സമ്മർദത്തിലാക്കി. ഹെയ്തി താരം പ്രൊവിഡൻസ് ഇടതുഭാഗത്തുനിന്ന് നിരന്തരം അപകടകരമായ ക്രോസുകൾ ഉതിർത്തെങ്കിലും സ്‌കോട്ടിഷ് പ്രതിരോധം തളർന്നില്ല. ലീഡ് ഉയർത്താൻ സ്‌കോട്ട്ലൻഡിന് ലഭിച്ച നല്ലൊരു അവസരം 73-ാം മിനിറ്റിൽ മക്ഗിൻ പുറത്തേക്കടിച്ചു കളഞ്ഞു.

ഇതിന് തൊട്ടുപിന്നാലെ പ്രൊവിഡൻസിന്റെയും പകരക്കാരനായി ഇറങ്ങിയ ജോസഫിന്റെയും നേതൃത്വത്തിൽ ഹെയ്തി സ്‌കോട്ടിഷ് ബോക്‌സിനുള്ളിലേക്ക് ഇരച്ചുകയറി മാരകമായ ഷോട്ടുകൾ തൊടുത്തു. എന്നാൽ സ്‌കോട്ടിഷ് ഡിഫെൻഡർമാരുടെ സമയബന്ധിതമായ ബ്ലോക്കുകൾ സ്‌കോട്ട്ലൻഡിന്റെ ലീഡ് കാത്തുസൂക്ഷിച്ചു. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments