ചാവക്കാട്: ‘അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’ എന്ന പ്രമേയത്തിൽ മെയ് 1 മുതൽ 30 വരെ നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് കാമ്പയിന് ജില്ലയിൽ തുടക്കമായി. ജില്ലതല ഉദ്ഘാടനം സംസ്ഥാന കേരളോത്സവത്തിൽ ഹൈജമ്പിലും ലോങ്ങ് ജമ്പിലും മെഡൽ നേടിയ എം.എൻ അർഷാദിന് ആദ്യ മെമ്പർഷിപ്പ് നൽകി ജില്ല പ്രസിഡണ്ട് എ.എം സനൗഫൽ നിർവഹിച്ചു. ചാവക്കാട് ചീനിച്ചുവടിൽ നടന്ന ചടങ്ങിൽ യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡണ്ട് ടി.ആർ ഇബ്രാഹിം, എം.എസ്.എഫ് ജില്ല പ്രസിഡണ്ട് ആരിഫ് പാലയൂർ, മുസ്ലിം ലീഗ് ചാവക്കാട് മുനിസിപ്പൽ ജനറൽ സെക്രട്ടറി പി.എം അനസ്, പി.എ ഹാഷിം മാലിക്, ടി.എ സമ്പാഹ്, ടി.എം ഷാജി, വി.എച്ച് സലീം, എം.എസ് മുസ്തഫ, കെ മെഹറൂഫ് എന്നിവർ പങ്കെടുത്തു. പുതിയ അംഗങ്ങളെ ചേർക്കുന്നതിനും പ്രായപരിധി കഴിയാത്ത അംഗങ്ങൾക്ക് അംഗത്വം പുതുക്കുന്നതിനും ഈ കാമ്പയിൻ കാലയളവിൽ ശാഖ കമ്മിറ്റികൾ നേതൃത്വം നൽകും.18 വയസ്സു മുതൽ 40 വയസ്സുവരെയുള്ള വർക്കാണ് മെമ്പർഷിപ്പ് നൽകുന്നത്. ഈ പ്രായപരിധിയിലെ വനിതകൾക്കും മെമ്പർഷിപ്പ് നൽകും. ജൂൺ ഒന്നു മുതൽ 30 വരെ നടക്കുന്ന ശാഖ സമ്മേളനത്തോടെ പുതിയ കമ്മിറ്റികൾ നിലവിൽ വരും. ജൂലൈ 1 മുതൽ ആഗസ്റ്റ് 15 വരെ പഞ്ചായത്ത്, മുനിസിപ്പൽ സമ്മേളനങ്ങളും പുതിയ കമ്മിറ്റി രൂപീകരണവും നടക്കും.
ആഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 15 നുള്ളിൽ നിയോജക മണ്ഡലം കമ്മിറ്റികളും ജനുവരി ഒന്ന് മുതൽ 20 വരെ ജില്ലാ കമ്മിറ്റി രൂപീകരണവും നടക്കും. ശാഖ തലത്തിൽ മെമ്പർമാരുടെ സംഗമങ്ങളും പഞ്ചായത്ത് മുനിസിപ്പൽ തലങ്ങളിൽ യുവജന റാലിയും പൊതുസമ്മേളനവുമാണ് സംഘടിപ്പിക്കുക. നിയോജക മണ്ഡലം, ജില്ലാ തലങ്ങളിൽ പ്രതിനിധി സമ്മേളനങ്ങൾ സംഘടിപ്പിക്കും.