പുന്നയൂർക്കുളം: ഹിന്ദുത്വ അജണ്ടകൾ നടപ്പാക്കാനും ഭിന്നിപ്പിച്ചു ഭരിക്കാനും ഭീകരാകമണങ്ങൾക്ക് അവസരമൊരുക്കുകയാണ് ആർ.എസ്.എസ് ചെയ്യുന്നതെന്ന് വെൽഫെയാർ പാർട്ടി തൃശൂർ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ് നിസാർ പറഞ്ഞു. വെൽവെയർ പാർട്ടി പുന്നയൂർക്കുളം പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച സാഹോദര്യ പദയാത്രയുടെ സമാപന പൊതുസമ്മേളനം അണ്ടത്തോട് സെൻ്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുവശത്ത് ഭരണഘടനയെ അട്ടിമറിക്കാൻ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ കവരുന്ന നിയമങ്ങൾ ചുട്ടെടുക്കുമ്പോൾ മറുവശത്ത് രാജ്യസുരക്ഷ അപകടപ്പെടുത്തി അതിൻ്റെ പേരിൽ മുസ്ലിം വേട്ട നടത്തുകയും ചെയ്യുന്ന സംഘ്പരിവാർ സർക്കാർ രാജ്യത്തെ കാർന്നുതിന്നുന്ന കാൻസറാണെന്നും നിസാർ അഭിപ്രായപ്പെട്ടു. സാദിഖ് തറയിൽ അധ്യക്ഷത വഹിച്ചു. സൈനുദ്ധീൻ ഖാലിദ്, അബ്ദുസ്സമദ് അണ്ടത്തോട്, അഡ്വ: മുഹമ്മദ് യൂസുഫ്, ഹുസൈൻ മടപ്പൻ എന്നിവർ സംസാരിച്ചു. പനന്തറ സെൻ്ററിൽ നിന്ന് പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫാ കമാലിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച പദയാത്ര മണ്ഡലം പ്രസിഡന്റ് ഫൈസൽ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഒ.കെ റഹീം പതാക കൈമാറി. കരീം മുടവത്തയിൽ, സിറാജ് പാപ്പാളി, ജലാൽ ചമ്മണ്ണൂർ, ഉമർ കടിക്കാട് തുടങ്ങിയർ നേതൃത്വം നൽകി.