തിരുവനന്തപുരം: ഡി.സി.സി. സംഘടിപ്പിച്ച നവസങ്കല്പ് യാത്രയിൽ അഭിവാദ്യമർപ്പിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ ഇരുചക്രവാഹന റാലിയിൽ ആർ.എസ്.എസിന്റെ ഗണഗീതം അകമ്പടിയായത് വിവാദമാകുന്നു. അനൗൺസ്മെന്റ് വാഹനത്തിൽനിന്നാണ് റെക്കോഡ് ചെയ്ത ഗണഗീതം കേൾപ്പിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് നെയ്യാറ്റിൻകരയിൽ ഡി.സി.സി. നവസങ്കല്പ് യാത്ര നടത്തിയത്. റാലിയുടെ മുൻനിരയിലായിരുന്നു അനൗൺസ്മെന്റ് വാഹനം. ‘കൂരിരുൾ നീങ്ങും പ്രഭാതമാകും വീണ്ടും ഭാരതമൊന്നാകും എന്നുതുടങ്ങുന്ന ഗണഗീതമാണ് കേൾപ്പിച്ചത്. റാലിയുടെ അനൗൺസ്മെന്റ് വാഹനത്തിൽ അറിയിപ്പിനായി സ്വകാര്യ സ്റ്റുഡിയോയിൽ കൊടുത്താണ് റെക്കോഡ് ചെയ്തത്. എന്നാൽ, ഇത്തരത്തിലുള്ള പാട്ട് റെക്കോഡ് ചെയ്ത് ഉൾപ്പെടുത്തിയതു സംബന്ധിച്ച് അറിയില്ലായിരുന്നെന്നും ഇക്കാര്യത്തിലുണ്ടായ വീഴ്ച ഗൗരവത്തോടെ കാണുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നിനോ അലക്സ് പറഞ്ഞു.