ചാവക്കാട്: ശ്രീപുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പുനർജ്ജനി വിളക്ക് ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗംഭീര ദേശവിളക്കും അന്നദാനവും നവംബർ 29ന് വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് 6.30ന് പേരകം ശിവക്ഷേത്രത്തിൽ നിന്ന് മാതൃസമിതിയുടെ നേതൃത്വത്തിൽ ഇരുന്നൂറോളം താലനിരകളുടെയും വിവിധ വാദ്യാഘോഷ കലാരൂപങ്ങളുടെയും അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നള്ളിപ്പ് ഉണ്ടാകും. തങ്കരഥം, നാദസ്വരം, പഞ്ചവാദ്യം തുടങ്ങിയ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നള്ളിപ്പ് രാത്രി 9.30ന് ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് ക്ഷേത്രത്തിൽ പന്തലിൽ പാട്ട്, പാൽക്കിണ്ടി എഴുന്നള്ളിപ്പ്, വെട്ടും -തട, കനലാട്ടം- തിരി ഉഴിച്ചിൽ എന്നിവ ഉണ്ടാകും. വൈകിട്ട് 6.30ന് ഗുരുവായൂർ ചാമുണ്ഡേശ്വരി ദേവി ഭജൻസിന്റെ ഭജന അരങ്ങേറും. മരത്തംകോട് മഠപതി വിളക്ക് പാർട്ടിയാണ് വിളക്ക് നടത്തുന്നത്. ദേശവിളക്കിന്റെ ഭാഗമായി ഭക്തർക്ക് മൂന്നുനേരം അന്നദാനവും ഉണ്ടാകും. വിളക്ക് ആഘോഷ കമ്മിറ്റി ചെയർമാൻ കെ.ആർ മോഹനൻ, കൺവീനർ കെ.കെ സുബ്രഹ്മണ്യൻ, ട്രഷറർ പി. വിനോദ്, വി.എ സിദ്ധാർത്ഥൻ, പുനർജ്ജനി കമ്മിറ്റി ഭാരവാഹികളായ ടി.എ ബാലസുബ്രഹ്മണ്യൻ, കെ. വേണുഗോപാലൻ, എം.ടി വിജയൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
