പുന്നയൂർ: പുന്നയൂർ പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയെ തുടർന്ന് പഞ്ചായത്ത് കേരളോത്സവത്തിൽ പഞ്ചഗുസ്തി വിജയിക്ക് ബ്ലോക്ക് തല മൽസരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. പഞ്ചായത്ത് തലത്തിൽ പുരുഷന്മാരുടെ 85 കിലോയ്ക്ക് മുകളിലുള്ള പഞ്ചഗുസ്തി മത്സരത്തിൽ വിക്ടറി പുന്നയൂരിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത് വിജയിച്ച അഫ്സൽ പൂവാലിക്കോട്ടിലിനാണ് ഈ ദുർവിധി. പഞ്ചായത്ത് തലത്തിൽ രജിസ്ട്രേഷൻ പൂർത്തിയാക്കാത്തതിനെ തുടർന്നാണ് അഫ്സലിന് ബ്ലോക്ക് തലത്തിൽ മൽസരിക്കാൻ എൻട്രി പാസ് ലഭിക്കാതിരുന്നത്. വിവരമറിഞ്ഞതോടെ തുടർന്ന് വിക്ടറി ക്ലബ്ബ് ഭാരവാഹികൾ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡുമായി ബന്ധപ്പെട്ടു. ഇതോടെ വെബ്സൈറ്റ് വീണ്ടും തുറന്ന് പഞ്ചായത്ത് മുഖേന രജിസ്ട്രേഷൻ പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ, ബ്ലോക്ക് തലത്തിലെ മത്സരദിവസം മറ്റൊരു പഞ്ചായത്തിൽ രണ്ടാം സ്ഥാനം നേടിയ മത്സരാർത്ഥി റിപ്പോർട്ട് ചെയ്തിരുന്നു. മത്സരം നടത്താതെ ഈ മൽസരാർത്ഥിക്ക് വാക്കോവർ നൽകി ജില്ലാതലത്തിലേക്ക് യോഗ്യത നൽകുകയാണ് അധികൃതർ ചെയ്തത്. പഞ്ചായത്തിന്റെ അനാസ്ഥ മൂലം അവസരം നഷ്ടപ്പെട്ട അഫ്സലിന് മത്സരാവസരം നൽകാനും വിഷയം പരിഹരിക്കാനും ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് അധികൃതർ തയ്യാറായില്ല. ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് ഇതിന് കാരണമെന്ന ആരോപണം ഇതോടെ ഉയർന്നിട്ടുണ്ട്. പരാതിയെക്കുറിച്ച് നിഷ്പക്ഷമായി അന്വേഷിക്കണമെന്ന് ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞു. പഞ്ചഗുസ്തി മത്സരത്തിൽ പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനം നേടിയ വ്യക്തി മത്സരിക്കാൻ തയ്യാറായിരിക്കുമ്പോഴും പഞ്ചായത്ത് തലത്തിലെ രണ്ടാം സ്ഥാനക്കാരന്
വാക്കോവർ നൽകി ജില്ലാതലത്തിലേക്ക് യോഗ്യത നൽകിയ സംഭവം പുനർ പരിശോധിക്കണമെന്നും
അഫ്സലിന് പ്രത്യേക മത്സരാവസരം നൽകുകയോ മത്സരം പുനഃക്രമീകരിക്കുകയോ ചെയ്യണമെന്നും ക്ലബ്ബ് ഭാരവാഹികൾ ആവശ്യപ്പെട്ടു.
