Thursday, November 26, 2026

തത്ത്വമസി ഗൾഫിന്റെ  21-ാമത് ദേശവിളക്ക് മഹോത്സവം നവംബർ 28 ന് നടക്കും

ചാവക്കാട്: ഗുരുപാദപുരി ശ്രീ അയ്യപ്പസ്വാമി സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് ശ്രീ വിശ്വനാഥ ക്ഷേത്രത്തിൽ  തത്ത്വമസി ഗൾഫിന്റെ  21-ാമത് ദേശവിളക്ക് മഹോത്സവവും അന്നദാനവും നവംബർ 28 ന് ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ പുലർച്ചെ മഹാഗണപതിഹോമത്തോടെ ദേശവിളക്ക് ആരംഭിക്കും. ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ഭക്തജനങ്ങൾക്ക് വിളക്ക് പന്തലിൽ ദർശനസൗകര്യം ഉണ്ടാകും. വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം തിരുവത്ര ഗ്രാമകുളം ശ്രീ കാർത്യായനി ഭഗവതി ക്ഷേത്രത്തിൽ നിന്ന് പാലക്കൊമ്പ് എഴുന്നള്ളിപ്പ് ആരംഭിക്കും. 500 ഓളം താലം, തങ്കരഥം, ഉടുക്ക് പാട്ട്, ചിന്തുപ്പാട്ട്, കാവടികൾ, നാദസ്വരം, പഞ്ചവാദ്യം, ആന, നാടൻ കലാരൂപങ്ങൾ, തുളളൽ എന്നിവയുടെ അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നള്ളിപ്പ് രാത്രി പത്തിന് മുമ്പ് വിശ്വനാഥ ക്ഷേത്രത്തിൽ എത്തിച്ചേരും. ക്ഷേത്രത്തിൽ ദീപാരാധനയ്ക്കുശേഷം ഭജനമണ്ഡലി ഗുരുവായൂരിന്‍റെ ഭക്തിഗാനമേള അരങ്ങേറും. തുടർന്ന് ഉടുക്കുപാട്ട്, തിരി ഉഴിച്ചിൽ, പാൽക്കിണ്ടി എഴുന്നള്ളിപ്പ്, കനലാട്ടം, വെട്ടുതട എന്നിവ ഉണ്ടാകും. പാചകവിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഉച്ചയ്ക്കും രാത്രിയിലും പതിനായിരത്തോളം പേർക്ക് അന്നദാനം നൽകും.  ദേശവിളക്ക് കൂടാതെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി വരുന്നുണ്ട്. ഇത്തവണ നൂറോളം പേർക്കാണ്  സൗജന്യ ശബരിമല തീർത്ഥയാത്ര ഒരുക്കിയിട്ടുള്ളത്.  തത്ത്വമസി ഗൾഫ് ഭാരവാഹികളായ – സ്ഥാപകൻ എൻ.ബി ബിനീഷ് രാജ്, പ്രസിഡന്റ് രഞ്ജിത്ത് ശിവ രാമൻ, പ്രവർത്തന സമിതി അംഗം എൻ.വി ഷിജിത്ത്, ഗുരുപാദപുരി ശ്രീ അയ്യപ്പ സേവാസംഘം ഭാരവാഹികളായ ചെയർമാൻ ഡോ. പി.വി മധുസൂദനൻ, കൺവീനർ എൻ.വി മധു, ബജാൻജി എൻ.കെ പുഷ്പദാസ്,  കെ.കെ ശങ്കരനാരായണൻ,  എൻ.കെ ബാലകൃഷ്ണൻ, കെ.എസ് വിശ്വനാഥൻ എൻ.കെ സിദ്ധാർത്ഥൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments