ഗുരുവായൂർ: കോട്ടപ്പടി സെൻ്റ് ലാസ്സേഴ്സ് പള്ളിയിൽ മരിച്ചവരുടെ ഓർമ്മദിനം ആചരിച്ചു. സെമിത്തേരിയിൽ അന്ത്യവിശ്രമം കൊള്ളുന്ന തങ്ങളുടെ പൂർവ്വികർക്കും ബന്ധുമിത്രാദികൾക്കും വേണ്ടി പ്രാർത്ഥിക്കുന്നതിനും ഓർമ്മദിന തിരുകർമ്മങ്ങളിൽ പങ്കെടുക്കുന്നതിനും നൂറുകണക്കിന് വിശ്വാസികൾ എത്തിച്ചേർന്നു. പൂക്കൾ വച്ചും മെഴുകുതിരികൾ കത്തിച്ചും തങ്ങളുടെ പ്രിയപ്പെട്ടവരുടെ കുഴിമാടങ്ങൾ വിശ്വാസികൾ അലങ്കരിച്ചിരുന്നു. ഓർമ്മദിന തിരുക്കർമ്മങ്ങൾക്ക് മുന്നോടിയായി ഭക്തസംഘടന ഏകോപന സമിതിയുടെ നേതൃത്വത്തിൽ ശ്രമദാനത്തിലൂടെ സെമിത്തേരി വൃത്തിയാക്കിയിരുന്നു. ഇടവകയിലെ സിമൻറ് വർക്കേഴ്സിന്റെ നേതൃത്വത്തിൽ സെമിത്തേരി മുഴുവൻ തോരണം കെട്ടി അലങ്കരിച്ചു. രാവിലെ 6 .15ന് ആഘോഷമായ വിശുദ്ധ കുർബാനയും വലിയ ഒപ്പീസും മറ്റ് തിരുകർമ്മങ്ങളും അർപ്പിക്കപ്പെട്ടു. തിരുകർമ്മങ്ങൾക്ക് വികാരി റവ. ഫാ. ഷാജി കൊച്ചുപുരക്കൽ മുഖ്യകാർമികനായി. ഓർമ്മദിന തിരുകർമ്മങ്ങൾക്ക് അസിസ്റ്റൻറ് വികാരി റവ. ഫാ. വിബി പുറത്തൂക്കാരൻ, കൈകാരന്മാരായ ജോൺസൺ ഇ.എഫ്, നേവൽ മാറോക്കി, ജസ്റ്റിൻ പനക്കൽ, ലിന്റോ ചാക്കോ എന്നിവർ നേതൃത്വം നൽകി.
