ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം കാളിയമർദ്ദനം കഥയിൽ കൃഷ്ണവേഷം കെട്ടുന്ന കലാകാരൻ അണിയുന്ന കൃഷ്ണമുടി പൂജിച്ചു. ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രം സോപാനത്തിൽവെച്ച് മേൽശാന്തി ബ്രഹ്മശ്രീ പഴയത്ത് സതീശൻ ഓതിക്കൻ പൂജിച്ചുനൽകി. കലാനിലയം സൂപ്രണ്ട് ഡോ. മുരളി പുറനാട്ടുകര, കളിയോഗം ആശാൻ രമേശൻ കരുമത്തിൽ, വേഷം ആശാൻ എസ്. മാധവൻകുട്ടി, പാട്ട് ആശാൻ എം.കെ ദിൽക്കുഷ്, എന്നിവർ കൃഷ്ണമുടി ഏറ്റുവാങ്ങി. അത്താഴപൂജയും ശീവേലിയും ചുറ്റുവിളക്കും തൃപ്പുകയും കഴിഞ്ഞ് ശ്രീലകവാതിൽ അടച്ചശേഷം വടക്കേ നടപ്പുരയിൽ ഈ കൃഷ്ണമുടി അണിഞ്ഞാണ് ഇനിയുള്ള ദിവസങ്ങളിൽ അരങ്ങുകളി നടക്കുക. ‘കാളിയമർദ്ദനം ‘കഥയിലെ കൃഷ്ണനായി ടി.കെ കൈലാസ്നാഥും ബലരാമനായി രമിത്ത് രാമകൃഷ്ണനും അരങ്ങിലെത്തും. നന്ദഗോപരായി എം.ആർ രഞ്ജിത്ത് രാജ്, ഉപനന്ദനായി ഇ.എം നിവേദ് കൃഷ്ണ, ബകപക്ഷിയായി ആശാൻ എം.വി ഉണ്ണികൃഷ്ണൻ, ബകാസുരനായി പി. കൃഷ്ണപ്രകാശ്, ബ്രഹ്മാവായി കെ. വൈശാഖ്, ഗോപസ്ത്രീകളായും നാഗപത്നിമാരായും കെ. നന്ദകിഷോർ, ജെ. കൃഷ്ണപ്രസാദ്, ആദർശ് പി. നായർ, ആദിത്യ ഹരി എന്നിവരും വേഷമണിയും.
