മന്ദലാംകുന്ന്: ലോക തപാൽ ദിനത്തോടനുബന്ധിച്ച് മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ എഴുതിയ കത്തുകൾ പോസ്റ്റ് ബോക്സിൽ നിക്ഷേപിക്കുകയും ഇന്ത്യൻ തപാൽ വകുപ്പ് സംഘടിപ്പിച്ച ദേശീയതല ‘ഡായ് അഖർ’ കത്തെഴുത്ത് മത്സരവും നടന്നു. വിദ്യാർത്ഥികൾക്ക് കത്തെഴുത്തിന്റെയും തപാൽ സംവിധാനങ്ങളുടേയും പ്രാധാന്യം നേരിട്ട് മനസ്സിലാക്കിക്കൊടുക്കുന്നതിനായി പോസ്റ്റ് ഓഫീസിൽ നിന്നുള്ള യഥാർത്ഥ പോസ്റ്റ് ബോക്സ് വിദ്യാലയത്തിൽ എത്തിച്ചിരുന്നു. കുട്ടികൾ തങ്ങളുടെ അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രിയപ്പെട്ടവർക്കും സ്നേഹനിർഭരമായ കത്തുകൾ തയ്യാറാക്കി തപാൽ പെട്ടിയിൽ നിക്ഷേപിച്ചു. “ഭൂമിദേവിക്ക് ഒരു കത്ത്: പ്രകൃതിയെ സംരക്ഷിക്കുമെന്ന എന്റെ പ്രതിജ്ഞ” എന്ന വിഷയത്തിൽ 5 മുതൽ 7 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളാണ് കത്തെഴുത്ത് മത്സരത്തിൽ പങ്കെടുത്തത്. പി.ടി.എ പ്രസിഡന്റ് അസീസ് മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക സുനിത മേപ്പുറത്ത് സ്വാഗതം പറഞ്ഞു. തപാൽ വകുപ്പ് ഗുരുവായൂർ സബ്ബ് ഡിവിഷൻ പി.എ ജിജി, മെയിൽ ഓവർസിയർ സുരേഷ് കുമാർ, എടക്കഴിയൂർ സബ്ബ് പോസ്റ്റ് വുമൺ രാഗി,തിരുവത്ര സബ്ബ് പോസ്റ്റ് വുമൺ സസ്ന,മന്ദലാംകുന്ന് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തമീറ,പോസ്റ്റ് വുമൺ ശ്രീമോൾ, അകലാട് സബ്ബ് പോസ്റ്റ് ഓഫീസ് ജി.ഡി.എസ് അപർണ്ണ എന്നിവർ സംസാരിച്ചു.
