ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിന് സമീപം മാനസിക വെല്ലുവിളി നേരിടുന്ന 36കാരിയായ അവിവാഹിത വീട്ടിൽ പ്രസവിച്ചു. വിവരം ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ ഉടൻ തന്നെ ആശാ വർക്കറെയും വാർഡ് കൗൺസിലറെയും വിവരമറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയെയും നവജാതശിശുവിനെയും ഉടൻ തന്നെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം വിദഗ്‌ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയും അമ്മയും മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. അമ്മയും സമാനമായ രീതിയിൽ മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നയാളാണ്. ഇവരുടെ അവസ്ഥ കണക്കിലെടുത്ത് മൂന്ന് മാസം മുൻപ് വാർഡ് കൗൺസിലറും ആശാ വർക്കറും നാട്ടുകാരും ചേർന്ന് ഇവരെ തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ ചികിത്സയിലായിരുന്ന ഇവർ രണ്ടാഴ്ച മുൻപാണ് തിരികെ വീട്ടിലെത്തിയത്. യുവതി പ്രസവിച്ച സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ ചാവക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

