Friday, July 17, 2026

മോട്ടോർ സൈക്കിൾ അനുമതിയില്ലാതെ കൊണ്ടുപോയത് ചോദ്യം ചെയ്ത സുഹൃത്തിനെ പേന കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു

മോട്ടോർ സൈക്കിൾ അനുമതിയില്ലാതെ കൊണ്ടുപോയത് ചോദ്യം ചെയ്ത സുഹൃത്തിനെ പേന കൊണ്ട് കുത്തി പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ കൊരട്ടി പോലീസ് സ്റ്റേഷൻ റൗഡി സുമിത്തിനെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു. മേലൂർ പൂലാനി സ്വദേശി ഞാറക്കൽ വീട്ടിൽ സുമിത്ത് (27) ആണ് അറസ്റ്റിലായത്. മേലൂർ കല്ലുത്തി സ്വദേശി കരിപ്പാല വീട്ടിൽ ജിൽജിത്തിനെ (33) ആണ് സുമിത്ത് ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ജൂലൈ 6-ന് രാത്രി 8.30-ഓടെ പൂലാനി കോലോത്തും കടവിന് സമീപമുള്ള ഇരുവരും ജോലി ചെയ്യുന്ന കമ്പനി റൂമിൽ വെച്ചാണ് സംഭവം നടന്നത്. ജിൽജിത്തിന്റെ മോട്ടോർ സൈക്കിൾ പ്രതിയായ സുമിത്ത് അനുമതിയില്ലാതെ കൊണ്ടുപോവുകയും, ആ സമയത്ത് സ്ത്രീകളെ അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതിനെക്കുറിച്ച് ജിൽജിത്ത് ചോദിക്കുകയും, ഇനി വണ്ടി കൊണ്ടുപോകരുതെന്ന് താക്കീത് നൽകുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായത്. ജിൽജിത്തിനെ തടഞ്ഞുനിർത്തി പേന കൊണ്ട് കുത്തിയതിൽ ഇടതു കണ്ണിന് സമീപം ആഴത്തിൽ മുറിവേറ്റു. ആക്രമണത്തിന് ശേഷം, പരിക്കേറ്റത് വാഹനത്തിൽ നിന്ന് വീണതാണെന്ന് പറയിപ്പിക്കാൻ പ്രതി ജിൽജിത്തിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സുമിത്ത് കൊരട്ടി അങ്കമാലി പോലീസ് സ്റ്റേഷൻ പരിധികളിലായി മയക്ക് മരുന്ന് ഉപയോഗിച്ച മൂന്ന് കേസുകളിലും മദ്യലഹരിയിൽ മനുഷ്യജീവന് അപകടം വരത്തക്കവിധം വാഹനമോടിച്ച രണ്ട് കേസുകളിലും ഏതെങ്കിലും കുറ്റകൃത്യം ചെയ്യാതിരിക്കാൻ അറസ്റ്റ് ചെയ്ത് നീക്കിയ ആറ് കേസ്സുകളിലും അടക്കം പതിനൊന്ന് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. കൊരട്ടി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഹബീബുള്ള, എസ് ഐ മാരയ ഷിബു, സുമേഷ്, ജി എ എസ് ഐ മാരായ ജോഷി, ഷിജോ,  ഷീബ ജി എസ് സി പി ഒ മാരായ അബിലാഷ്, നിഖിലൻ, സി പി ഒ മാരായ ശ്രീജിത്ത്, ഷാജി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments