തുല്യശക്തികളുടെ പോരാട്ട കണ്ട മത്സരത്തിൽ ഒടുവിൽ തീർപ്പ് പെനാൽറ്റി ഷൂട്ടൗട്ടിൽ. നെതർലൻഡ്‌സിനെ കീഴടക്കി മൊറോക്കോ പ്രീക്വാർട്ടറിലേക്ക് മുന്നേറി. നിശ്ചിത സമയത്തും അധികസമയത്തും മത്സരം സമനിലയായതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
മൊറോക്കോയ്ക്കായി സൂഫിയാൻ റഹീമി, താൽബി, സൈബാറി എന്നിവർ കിക്കുകൾ വലയിലാക്കി. എൽ അയ്‌നോയിയും ക്യാപ്റ്റൻ അഷ്‌റഫ് ഹക്കീമിയും കിക്കുകൾ നഷ്ടപ്പെടുത്തി. നെതർലൻഡ്‌സിനായി ജസ്റ്റിൻ ക്ലുയിവേർട്ടും ക്വിന്റൻ ടിമ്പറും സമ്മർവിലെയും കിക്കുകൾ പാഴാക്കി.
71 മിനിറ്റുകളോളം ഗോൾരഹിതമായി തുടർന്ന മത്സരത്തിൽ നെതർലൻഡ്‌സാണ് ആദ്യം സ്‌കോർ ചെയ്തത്. 72-ാം മിനിറ്റിൽ കോഡി ഗാക്‌പോയിലൂടെ ഡച്ച് ടീം മുന്നിലെത്തി. പകരക്കാരനായി ഇറങ്ങിയതിനു പിന്നാലെ തന്നെ വുട്ട് വെർഗ്‌ഹോസ്റ്റിന്റെ നീക്കമാണ് ഡച്ച് ടീമിന്റെ ഗോളിലേക്ക് നയിച്ചത്. ഗോളി വെർബ്രൂഗൻ ക്ലിയർ ചെയ്ത പന്ത് വെർഗ്‌ഹോസ്റ്റ് ഹെഡ് ചെയ്ത് സമ്മർവില്ലിന് നൽകുകയായിരുന്നു. മൊറോക്കൻ പ്രതിരോധനിരയെ മറികടന്ന് ബോക്‌സിന് അരികിലെത്തിയ സമ്മർവിൽ വീഴുന്നതിന് തൊട്ടുമുൻപായി പന്ത് പാസ് ചെയ്തു. ഓടിയെത്തിയ ഗാക്‌പോ അവസരം മുതലെടുത്ത് പന്ത് വലയിലാക്കി.
ഗോൾ നേടിയ ഉടൻ തന്നെ ഗാക്‌പോ കണ്ണീരോടെ നിലത്തിരുന്നു. സഹതാരങ്ങൾ ഓടിയെത്തി അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. ദിവസങ്ങൾക്കു മുമ്പാണ് ഗാക്‌പോയുടെ കുഞ്ഞ് മരണപ്പെട്ടത്.
എന്നാൽ ഇൻജുറി ടൈമിന്റെ ആദ്യ മിനിറ്റിൽ തന്നെ മൊറോക്കോയുടെ മറുപടിയെത്തി. ഇസ്സ ഡിയോപ്പിന്റെ ഹെഡറിലൂടെയായിരുന്നു മൊറോക്കോയുടെ സമനില ഗോൾ. പകരക്കാരനായി ഇറങ്ങിയ താൽബി മൈതാനത്തിന്റെ ഇടതുവശത്ത് നിന്ന് പന്ത് സ്വീകരിച്ച്, വലതുവശത്തേക്ക് വെട്ടിത്തിരിഞ്ഞ് ബോക്‌സിലേക്ക് നൽകിയ പന്ത് ഡച്ച് ക്യാപ്റ്റൻ വിർജിൽ വാൻഡൈക്കിനെ മറികടന്ന് ഇസ്സ ഡിയോപ് ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ മത്സരം അധിക സമയത്തേക്ക് നീണ്ടു.
അധികസമയത്തും ഗോളി വെർബ്രൂഗന്റെ കൈകൾ നെതർലൻഡ്‌സിനെ കാത്തു. 96-ാം മിനിറ്റിൽ സൂഫിയാൻ റഹീമിയുടെ ഗോളെന്നുറച്ച ഷോട്ട് അവിശ്വസനീയമായാണ് വെർബ്രൂഗൻ രക്ഷപ്പെടുത്തിയത്. പോസ്റ്റിന് തൊട്ടുമുന്നിൽ നിന്നുള്ള ഷോട്ടാണ് വെർബ്രൂഗൻ സേവ് ചെയ്തത്.
പ്രതിരോധക്കളിയുടെ എല്ലാ സൗന്ദര്യവും നിറഞ്ഞുനിന്ന മത്സരത്തിൽ നെതർലൻഡ്‌സ് ഗോൾകീപ്പർ ബാർട്ട് വെർബ്രൂഗന്റെയും മൊറോക്കോ ഗോളി യാസ്സിൻ ബോനോയുടെയും പ്രകടനം മികച്ചുനിന്നു. മെക്‌സിക്കോയിലെ എസ്റ്റാഡിയോ ബിബിവിഎ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇരു ടീമും ആദ്യ പകുതിയിൽ കാര്യമായ മുന്നേറ്റങ്ങൾക്ക് മുതിർന്നില്ല. ഡച്ച് ടീമിന്റെ പല മുന്നേറ്റങ്ങളും മൊറോക്കോ ശക്തമായ പ്രതിരോധമുയർത്തി തടഞ്ഞു. മൊറോക്കോയുടെ ഗോളെന്നുറച്ച രണ്ട് ശ്രമങ്ങൾ ഡച്ച് ഗോളി ബാർട്ട് വെർബ്രൂഗൻ രക്ഷപ്പെടുത്തി. വാൻ ഡെ വെനിന്റെ ബുള്ളറ്റ് ലോങ് റേഞ്ചർ രക്ഷപ്പെടുത്തി മൊറോക്കോ ഗോളി യാസ്സിൻ ബോനോയും ആദ്യ പകുതിയിൽ താരമായി. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിലും ഹൈഡ്രേഷൻ ബ്രേക്കിന് മുൻപും മൊറോക്കോയാണ് കൂടുതൽ അപകടകാരികളായി കാണപ്പെട്ടത്. ഹക്കിമിയുടെ കരുത്തുറ്റ ഷോട്ട് നെതർലാൻഡ്സ് ഗോൾകീപ്പർ വെർബ്രുഗൻ തടഞ്ഞിട്ടു.
20-ാം മിനിറ്റിൽ ഹക്കീമിയുടെ കോർണറിൽ നിന്നുള്ള എൽ അയ്‌നോയിയുടെ ഗോളെന്നുറച്ച ഹെഡറും തൊട്ടടുത്ത മിനിറ്റിൽ ഹക്കീമിയുടെ ഗോളിലേക്കുള്ള ഷോട്ടും വെർബ്രൂഗൻ രക്ഷപ്പെടുത്തിയിരുന്നു. 52-ാം മിനിറ്റിൽ മൊറോക്കോ ക്യാപ്റ്റൻ അഷ്റഫ് ഹക്കീമിയുടെ ഷോട്ട് ക്രോസ്ബാറിൽ തട്ടി തെറിച്ചു. രണ്ടാം പകുതിയിൽ മൊറോക്കോ ആധിപത്യം പുലർത്തിയെങ്കിലും വെർബ്രൂഗൻ നടത്തിയ മികച്ച സേവുകൾ സ്‌കോർ നില മാറ്റമില്ലാതെ നിലനിർത്തുകയായിരുന്നു.

