ഫിഫ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ കുതിപ്പ് അവസാനിപ്പിച്ച് കാനഡ പ്രീക്വാർട്ടറിൽ. നോക്കൗട്ട് റൗണ്ടിലെ ആദ്യ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് കാനഡയുടെ വിജയം. 90+2-ാം മിനിറ്റിൽ സ്റ്റെഫാൻ യൂസ്റ്റാക്വിയോയാണ് കാനഡയുടെ വിജയഗോൾ നേടിയത്. ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ അവസാന മിനിറ്റുവരെയും കാനഡയെ ഗോളടിപ്പിക്കാതെ തടഞ്ഞ ദക്ഷിണാഫ്രിക്കയ്ക്ക് ഇൻജറി ടൈമിൽ അടി പതറുകയായിരുന്നു. ഇതോടെ കാനഡ ലോകകപ്പ് പ്രീക്വാർട്ടർ ഉറപ്പിച്ചു. ലോകകപ്പ് ചരിത്രത്തിൽ കാനഡയുടെ ഏറ്റവും മികച്ച പ്രകടനമാണിത്.
മത്സരത്തിന്റെ ആറാം മിനിറ്റിൽ ദക്ഷിണാഫ്രിക്കൻ താരം ടെബോഹോ മൊകോവെനയുടെ ഗോൾ നീക്കത്തോടെയാണു മത്സരം ആരംഭിച്ചത്. എന്നാൽ കാനഡ ഗോൾ കീപ്പർ പന്തു തട്ടിയകറ്റി. തൊട്ടുപിന്നാലെ ദക്ഷിണാഫ്രിക്ക ബോക്സിലേക്ക് കാനഡയുടെ ആക്രമണങ്ങൾക്കു തുടക്കമായി. ഏഴാം മിനിറ്റിൽ കാനഡ താരം സ്റ്റെഫാൻ യൂസ്റ്റാക്വിയോയുടെ ഷോട്ട് ബാറിനു മുകളിലൂടെ പുറത്തേക്കാണു പോയത്. 17–ാം മിനിറ്റിൽ യൂസ്റ്റാക്വിയോയുടെ കോർണറിൽനിന്ന് ജൊനാഥൻ ഡേവിഡിന്റെ ഗോൾ ശ്രമം. പന്തെടുത്ത് ഒരു വോളിക്കു ശ്രമിച്ചെങ്കിലും ജൊനാഥൻ ഡേവിഡിന്റെ ഷോട്ട് പുറത്തേക്കുപോയി. മത്സരം ആദ്യ 15 മിനിറ്റുകൾ പിന്നിടുമ്പോൾ തന്നെ കാനഡയുടെ നിയന്ത്രണത്തിൽ വന്നിരുന്നു.
20–ാം മിനിറ്റിൽ ദക്ഷിണാഫ്രിക്കൻ താരം ഇമെ ഒകോന്റെ ഫൗളിൽ കാനഡയ്ക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. ഫ്രീകിക്കിൽ പോസ്റ്റിനു തൊട്ടുമുൻപിൽനിന്നു പന്തു ലഭിച്ച കനേഡിയൻ താരം ഡെറെക് കോർനെല്യൂസ് ഹെഡ് ചെയ്തെങ്കിലും ദക്ഷിണാഫ്രിക്കൻ ഗോളി റോൺവൻ വില്യംസ് പന്തു പിടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കയുടെ പ്രതിരോധ താരങ്ങൾ അടുത്തില്ലാതിരുന്ന സുവർണാവസരത്തിൽ ദുർബലമായ ഹെഡറിനാണ് ഡെറെക് കോർനെല്യൂസ് ശ്രമിച്ചത്. ആദ്യ പകുതിയുടെ 40 മിനിറ്റ് പിന്നിട്ടപ്പോഴും മത്സരത്തിൽ ക്രിയാത്മകമെന്നു പറയാവുന്ന വലിയ നീക്കങ്ങളൊന്നുമില്ലായിരുന്നു. ഒന്നിലേറെ സെറ്റ്പീസ് അവസരങ്ങൾ കാനഡയ്ക്കു ലഭിച്ചിട്ടും ഗോൾ നേടാൻ അവർക്കു സാധിച്ചിരുന്നില്ല. കളിയുടെ നിയന്ത്രണമുണ്ടായിരുന്നെങ്കിലും ഫൈനൽ തേർഡിൽ ദക്ഷിണാഫ്രിക്കയെ പോലെ തന്നെ കാനഡയും പതറി.
41–ാം മിനിറ്റിൽ കാനഡ താരം ടാനി ഒലുവസെയിയുടെ ഗോൾ നീക്കം ലക്ഷ്യം കാണാതെ പോയി.44–ാം മിനിറ്റിൽ കാനഡയുടെ കോർണര്‍ കിക്ക്. സ്റ്റെഫാൻ യൂസ്റ്റാക്വിയോ എടുത്ത കിക്കിൽ മോയിസെ ബോംബിറ്റോ ഹെഡ് ചെയ്തെങ്കിലും ലക്ഷ്യം കണ്ടില്ല. ഗോൾ ഏരിയയിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ പന്ത് ദക്ഷിണാഫ്രിക്ക രക്ഷപെടുത്തി. ദക്ഷിണാഫ്രിക്കൻ ഗോൾ കീപ്പറുടെ സേവും ഇവിടെ നിർണായകമായി. ഗോളവസരങ്ങൾ സൃഷ്ടിച്ചത് കാനഡയാണെങ്കിലും ആദ്യ പകുതിയിൽ ബോൾ പൊസഷനിൽ മുന്നിലെത്താൻ ദക്ഷിണാഫ്രിക്കയ്ക്കു സാധിച്ചു. കാനഡ നാല് ‘ഓൺടാർഗറ്റ് ഷോട്ടുകൾ’ പായിച്ചപ്പോൾ ഒരു തവണ ഗോൾ പോസ്റ്റിലേക്കു ലക്ഷ്യം വയ്ക്കാൻ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കു സാധിച്ചത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ പതിഞ്ഞ താളത്തിലായിരുന്നു കളി. ആക്രമണങ്ങൾ കുറവ്. 59–ാം മിനിറ്റിൽ രണ്ടു മാറ്റങ്ങളാണ് കാനഡ ലൈനപ്പിൽ കൊണ്ടുവന്നത്. നേഥൻ സലിബയും മോയ്സ് ബോംബിറ്റോയും ഗ്രൗണ്ട് വിട്ടു. പകരം നിക്കോ സിഗുറും ലുക് ഡെ ഫൊഗെറോൾസും കളിക്കാനിറങ്ങി. 63–ാം മിനിറ്റിൽ കാനഡ താരങ്ങളുടെ പിഴവിൽ പന്തു ലഭിച്ച ദക്ഷിണാഫ്രിക്കൻ താരം ഒസ്‍വിൻ അപ്പോലിസ് പെനാൽറ്റി ഏരിയയ്ക്കു വെളിയിൽനിന്നെടുത്ത ശക്തമായ ഷോട്ട് പുറത്തേക്കുപോയി. 65–ാം മിനിറ്റിൽ പന്തുമായി ദക്ഷിണാഫ്രിക്കൻ ബോക്സിലെത്തിയ ടാനി ഒലുവാസെയിയെ ഗോളി റോൺവെൻ വില്യംസും പ്രതിരോധ താരങ്ങളും പാടുപെട്ടാണു തടഞ്ഞത്. ഹൈഡ്രേഷൻ ബ്രേക്കിനു പിന്നാലെ ജേക്കബ് ഷാഫെൽബെർഗ്, പ്രോമിസ് ഡേവിഡ് എന്നിവരെയും കാനഡ കളത്തിലിറക്കി. ആദ്യ പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയുടെ 71 മിനിറ്റ് പിന്നിടുമ്പോഴും തുടർച്ചയായ ആക്രമണനീക്കങ്ങൾ കാനഡയിൽനിന്ന് ഉണ്ടായില്ല.
75–ാം മിനിറ്റിൽ പ്രതിരോധത്തിൽനിന്ന് ഫൈനൽ തേർഡ് വരെ പന്തുമായി കുതിക്കാൻ ദക്ഷിണാഫ്രിക്കയ്ക്കു സാധിച്ചെങ്കിലും ഗോൾ വന്നില്ല. ടാലെന്റ് എംബാത്തയുടെ ഷോട്ട് പോസ്റ്റിനു മുകളിലൂടെ പുറത്തേക്കുപോയി. 75–ാം മിനിറ്റിൽ ടജോൺ ബുച്ചാനനെ പിന്‍വലിച്ച കാനഡ, അല്‍ഫോൻസോ ഡേവിസിനെ ലോകകപ്പിലെ ആദ്യ മത്സരം കളിക്കാനിറക്കി. 78–ാം മിനിറ്റിൽ കാഡന താരം ജൊനാഥൻ ഡേവിഡിന്റെ ഗോൾ ശ്രമം ദക്ഷിണാഫ്രിക്ക ഗോളി വില്യംസ് പരാജയപ്പെടുത്തി. മത്സരം 80 മിനിറ്റുകൾ പിന്നിട്ടതോടെ ലീഡ് പിടിക്കുന്നതിനായി ദക്ഷിണാഫ്രിക്കയും കാനഡയും അതിവേഗ നീക്കങ്ങൾ തുടർച്ചയായി നടത്തി. കനേഡിയൻ ഫോർവേഡുകൾ പന്തുമായി ബോക്സ് വരെ ഇരച്ചെത്തിയപ്പോഴും ശക്തമായ പ്രതിരോധനിരയെ അണിനിരത്തി ദക്ഷിണാഫ്രിക്ക തടുത്തുനിർത്തി. അഞ്ചു മിനിറ്റാണ് രണ്ടാം പകുതിക്ക് ഇൻജറി ടൈമായി റഫറി അനുവദിച്ചത്. ഇൻജറി ടൈമാണ് കളിയുടെ വിധി നിർണയിച്ചത്. 90+2–ാം മിനിറ്റിൽ ബോക്സിൽനിന്നു പന്തു പ്രതിരോധിക്കാനുള്ള ദക്ഷിണാഫ്രിക്കൻ താരത്തിന്റെ പിഴവിൽനിന്നാണ് സ്റ്റെഫാൻ യൂസ്റ്റാക്വിയോയ്ക്കു പന്തു ലഭിക്കുന്നത്. പെനാൽറ്റി ഏരിയയ്ക്കു പുറത്തുനിന്ന് തകർപ്പനൊരു ഷോട്ട് പോസ്റ്റിലേക്ക് ഉതിർത്ത സ്റ്റെഫാന് പിഴച്ചില്ല. ദക്ഷിണാഫ്രിക്ക ഗോളി വില്യംസ് ഡൈവ് ചെയ്തെങ്കിലും പന്ത് പിടിച്ചെടുക്കാൻ സാധിച്ചില്ല. സ്കോർ 1–0. തൊട്ടുപിന്നാലെ റഫറി ഫുൾടൈം വിസിൽ മുഴക്കിയതോടെ ദക്ഷിണാഫ്രിക്ക ലോകകപ്പിൽനിന്നു പുറത്ത്. കാനഡ മുന്നോട്ട്. നെതർലൻഡ്സ്– മൊറോക്കോ മത്സരത്തിലെ വിജയികളെയാണ് കാനഡ അടുത്ത റൗണ്ടിൽ നേരിടേണ്ടത്.

