പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങളെയും വിമാന സർവീസുകളിലെ തടസ്സങ്ങളെയും മുതലെടുത്ത് കേരളത്തിൽ നിന്നുള്ള ഉംറ തീർഥാടകരെ വ്യാപകമായി ചൂഷണം ചെയ്ത് വിമാന കമ്പനികൾ. ഇന്ത്യയിലെ മറ്റു പ്രമുഖ വിമാനത്താവളങ്ങളായ ഡൽഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലൊക്കെ സാധാരണ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകുമ്പോഴാണ് കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നീ കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് ജിദ്ദയിലേക്കുള്ള നിരക്കുകൾ യാതൊരു മാനദണ്ഡവുമില്ലാതെ കമ്പനികൾ കുത്തനെ ഉയർത്തിയത്. സീസൺ സമയങ്ങളിലെ തിരക്ക് മുതലെടുക്കുന്നതിന് പുറമെ, നിലവിലെ അന്താരാഷ്ട്ര പ്രതിസന്ധികളെ കൂടി ടിക്കറ്റ് വില വർധിപ്പിക്കാനുള്ള ആയുധമാക്കുകയാണ് എയർലൈനുകൾ. മാസങ്ങൾക്ക് മുമ്പ് ബുക്ക് ചെയ്തവർക്ക് പോലും അവസാന നിമിഷം വിലയേറിയ തുക അധികം നൽകേണ്ടി വരുന്ന സാഹചര്യമാണുള്ളത്. ഉംറ തീർഥാടകരോടു പ്രവാസികളായ മലയാളികളോടും കാട്ടുന്ന അവഗണനക്കെതിരെ പ്രതിഷേധവുമായി കേരള സ്റ്റേറ്റ് ഉംറ വെൽഫെയർ അസോസിയേഷൻ (കെ.യു.ഡബ്ല്യു.എ) രംഗത്തെത്തി. യുദ്ധത്തിന്റെ പേര് പറഞ്ഞ് കേരളത്തിലെ വിമാനത്താവളങ്ങളിൽ മാത്രം അന്യായമായി വർധിപ്പിച്ച എല്ലാ ടിക്കറ്റ് നിരക്കുകളും വിമാന കമ്പനികൾ ഉടൻ പിൻവലിക്കണമെന്ന് കെ.യു.ഡബ്ല്യു.എ ഭാരവാഹികൾ ആവശ്യപ്പെട്ടു.

