ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഡി-യിൽ തുർക്കിക്കെതിരേ ഏകപക്ഷീയമായ രണ്ട് ഗോളിന് ജയിച്ച് ഓസ്‌ട്രേലിയ. തുർക്കിയുടെ കടുത്ത ആക്രമണത്തെ പ്രതിരോധക്കെട്ടി തോൽപ്പിച്ച്, മിന്നൽ കൗണ്ടർ അറ്റാക്കിലൂടെയും പ്രതിരോധപ്പിഴവ് മുതലെടുത്തുമാണ് ഓസ്‌ട്രേലിയ ഗോളുകൾ നേടിയത്. കോച്ച് ടോണി പോപോവിച്ചിന്റെ തന്ത്രപരമായ പ്രതിരോധവും മിന്നൽ കൗണ്ടർ അറ്റാക്കുകളുമാണ് ഓസ്‌ട്രേലിയക്ക് തുണയായത്.
മത്സരത്തിന്റെ 27-ാം മിനിറ്റിൽ ഓസ്‌ട്രേലിയ ലീഡ് ചെയ്തു. തുർക്കിയുടെ അർദ ഗുലർ തൊടുത്ത ഒരു ഫസ്റ്റ് ടൈം വോളി ഓസ്‌ട്രേലിയൻ കീപ്പർ പാട്രിക് ബീച്ച് മികച്ചൊരു സേവിലൂടെ തടഞ്ഞു. പന്ത് കൈക്കലാക്കിയ ബീച്ച് ഒട്ടും സമയം കളയാതെ അത് ഓകോൺ എങ്സ്റ്റലർക്ക് നൽകി. തുർക്കി പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത്, എങ്സ്റ്റലർ ബോക്‌സിന് മുന്നിലേക്ക് നീട്ടിനൽകിയ പന്ത് വിങ്ങർ നെസ്റ്ററി ഇരങ്കുണ്ട കൃത്യമായി പിടിച്ചെടുത്തു. പന്തുമായി മുന്നേറി, തുർക്കി പ്രതിരോധത്തെ വെട്ടിച്ച് മുന്നേറിയ ഇരങ്കുണ്ട പോസ്റ്റിലേക്ക് പന്ത് അടിച്ചുകയറ്റി (1-0).
തുർക്കി മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന് തോന്നിച്ച ഘട്ടത്തിൽ, 75-ാം മിനിറ്റിൽ ഒസ്‌ട്രേലിയ വീണ്ടും ഗോൾ നേടി. തുർക്കി മധ്യനിരയുടെ പിഴവിൽനിന്ന് പന്ത് പിടിച്ചെടുത്ത കോണർ മെറ്റ്കാഫ് ബോക്‌സിന് മുന്നിലേക്ക് തനിച്ച മുന്നേറി. തുർക്കിയുടെ പ്രതിരോധം തടയാൻ ശ്രമിക്കുംമുൻപുതന്നെ മെറ്റ്കാഫ് തൊടുത്ത ലോങ് റേഞ്ച് ഇടങ്കാലൻ ഷോട്ട് തുർക്കി കീപ്പർ ചാക്കിറിനെ പൂർണമായി ഭേദിച്ച് പോസ്റ്റിന്റെ മൂലയിലേക്ക് തുളച്ചുകയറി (2-0). ഓസ്‌ട്രേലിയൻ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലേറ്റിയ സുന്ദരമായ ഗോൾ. തൊട്ടുപിന്നാലെ 77-ാം മിനിറ്റിൽ തുർക്കിയുടെ അക്തർകോഗ്ലുവിന് ഒരു മികച്ച അവസരം ലഭിച്ചെങ്കിലും ഹെഡ്ഡർ നേരെ കീപ്പർ ബീച്ചിന്റെ കൈകളിലേക്ക് ഒതുങ്ങി.
70 ശതമാനത്തോളം പന്തടക്കവുമായി തുർക്കി തന്നെയാണ് മത്സരത്തിലുടനീളം കളം നിറഞ്ഞത്. ആദ്യപകുതിയിൽതന്നെ ലീഡ് ചെയ്തതോടെ ഓസ്‌ട്രേലിയ 5-4-1 ശൈലി സ്വീകരിച്ചു കളിച്ചു. തുർക്കി നിരന്തരം ആക്രമിച്ചുകൊണ്ടിരുന്നപ്പോൾ സൗട്ടാർ, ബർഗെസ്, സിർക്കാറ്റി എന്നിവരടങ്ങിയ സോക്കറൂസ് പ്രതിരോധം ഒരു വന്മതിലായി ഉറച്ചുനിന്നു. കടുത്ത സമ്മർദ്ദത്തിനിടയിലും പതറാതെ നിന്ന ഓസ്‌ട്രേലിയൻ കോച്ച് പ്രതിരോധം ശക്തമാക്കാൻ ജെറിയയെയും യെംഗിയെയും കളത്തിലിറക്കി.

