സ്വന്തം മണ്ണിൽ സർവസന്നാഹവുമായെത്തിയ യുഎസ്എക്ക് മുന്നിൽ പാരഗ്വായ് നിര വീണുടഞ്ഞു. ഒന്നിന് പിറകേ ഒന്നായി വന്ന യുഎസ് ആക്രമണങ്ങളെ പ്രതിരോധിക്കാനാവാതെ പാരഗ്വായ് ഉഴറി. ഒടുക്കം ലാറ്റിമനേരിക്കൻ കരുത്തരെ തകർത്തെറിഞ്ഞ് ആതിഥേയരായ യുഎസ്എ ലോകകപ്പ് തുടക്കം ഗംഭീരമാക്കി. ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ ഒന്നിനെതിരേ നാല് ഗോളുകൾക്കാണ് ജയം. ആദ്യപകുതിയിലാണ് അമേരിക്കയുടെ മൂന്ന് ഗോളുകൾ പിറന്നത്.
മത്സരം ആരംഭിച്ച് ആദ്യമിനിറ്റുകളില്‍ തന്നെ യുഎസ്എയും പാരഗ്വായും ആക്രമണ പ്രത്യാക്രമണങ്ങള്‍ കൊണ്ട് കളം നിറഞ്ഞു. ഏഴാം മിനിറ്റില്‍ ആതിഥേയരുടെ ഗോളുമെത്തി. പാരഗ്വായ് താരം ഡാമിയന്‍ ബൊബാഡില്ല സെല്‍ഫ് ഗോളാണ് യുഎസ്സിനെ മുന്നിലെത്തിച്ചത്. ബോക്‌സിനുള്ളില്‍ വെച്ചുള്ള യുഎസ്എയുടെ വെസ്റ്റണ്‍ മക്കെന്നിയുടെ ക്രോസ്സ് പ്രതിരോധിക്കുന്നതില്‍ പാരഗ്വായ് മധ്യനിരതാരത്തിന് പിഴച്ചു. പന്ത് ഡാമിയന്റെ കാലിൽ തട്ടി നേരെ വലയിലേക്ക്. അതോടെ യുഎസ്എ അക്കൗണ്ട് തുറന്നു.
ഒരു ഗോൾ വീണതിന് പിന്നാലെ തിരിച്ചടിക്കാന്‍ പാരഗ്വായ് മുന്നേറ്റം ശക്തമാക്കി. മിഗ്വേൽ അൽമിരോണടക്കം പാരഗ്വായ് മുന്നേറ്റനിര അവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ ലക്ഷ്യത്തിലെത്തിക്കാനായില്ല. അതിനിടെ യുഎസ്എയുടെ രണ്ടാം ഗോളുമെത്തി. 31-ാം മിനിറ്റിലാണ് ഗോൾ പിറന്നത്. സ്ട്രൈക്കർ ഫ്‌ളോറിയന്‍ ബലോഗണാണ് വലകുലുക്കിയത്. ഇടതുവിങ്ങിലൂടെയുള്ള ക്രിസ്റ്റിയന്‍ പുലിസിച്ചിന്റെ മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. പുലിസിച്ചിന്റെ പാസ് സ്വീകരിച്ച ബലോഗണ്‍ ഉഗ്രന്‍ ഷോട്ടിലൂടെ ഗോളടിച്ചു. അതോടെ പാരഗ്വായ് പ്രതിരോധത്തിലായി. ആദ്യപകുതി അവസാനിക്കുന്നതിന് മുൻപ് ഇഞ്ചുറി ടൈമിൽ ബലോഗൺ വീണ്ടും വലകുലുക്കിയതോടെ ആതിഥേയർ മൂന്ന് ഗോളിന് മുന്നിലായി.
രണ്ടാം പകുതിയിലും അമേരിക്ക ആക്രമിച്ച് കളിച്ചതോടെ പാരഗ്വായ്ക്ക് കൂടുതൽ ഒന്നും ചെയ്യാനായില്ല. കിട്ടിയ അവസരങ്ങളിൽ പാരഗ്വായ് മുന്നേറ്റനിരയും ആക്രമണം കടുപ്പിച്ചു. മിഗ്വേൽ അൽമിരോൺ ഗോളിനടുത്തെത്തിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. എന്നാൽ 73-ാം മിനിറ്റിൽ പാരഗ്വായ് തിരിച്ചടിച്ചു. ബോക്സിന് പുറത്തുവെച്ച് പാരഗ്വായ് താരങ്ങൾ നടത്തിയ മികച്ച നീക്കം ലക്ഷ്യം കണ്ടു. യുഎസ്എ പ്രതിരോധത്തിന് അത് തടയാനായില്ല. പകരക്കാരനായി ഇറങ്ങി മൗറീഷ്യോ ആണ് വലകുലുക്കിയത്. രണ്ടാം ഗോളിനായി പാരഗ്വായ് ആഞ്ഞുശ്രമിച്ചെങ്കിലും യുഎസ് ഉറച്ചുനിന്നു. കളിയവസാനിക്കാൻ സെക്കൻഡുകൾ ബാക്കിനിൽക്കേ ജിയോവാനി റെയ്നയിലൂടെ യുഎസ്എ നാലാം ഗോളും നേടി. അതോടെ പാരഗ്വായ് പതനം പൂർണമായി.

