Saturday, September 12, 2026

ദേശീയപാത 66ൽ ഫുട്ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണം;    ഗുരുവായൂർ മണ്ഡലത്തിൽ യോഗം ചേർന്നു

ചാവക്കാട്: ദേശീയപാത 66ല്‍ പൊക്കുളങ്ങര ഫുട് ഓവര്‍ ബ്രിഡ്ജ് 2 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനും എടക്കഴിയൂര്‍ ഫുട്ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണം ആഗസ്റ്റ് 10 നകം ആരംഭിക്കാനും തീരുമാനം. ഫുട്ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചാവക്കാട് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസിൽ എൻ കെ അക്ബർ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ദേശീയ പാത 66 ല്‍ ഗുരുവായൂര്‍ മണ്ഡലത്തില്‍ 4 സ്ഥലങ്ങളിലാണ് ഫുട്ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിന് അനുമതിയായിട്ടുള്ളതെന്ന് എം.എൽ.എ പറഞ്ഞു.

എന്നാല്‍ ഇത് നിര്‍മ്മിക്കുന്നതിനുള്ള യാതൊരു നടപടിയും ആരംഭിച്ചിട്ടില്ലെന്നും അശാസ്ത്രീയമായ ഡ്രൈനേജ് നിര്‍മ്മാണം മൂലമുള്ള  വെള്ളക്കെട്ടിന് പരിഹാരമായില്ലെന്നും എം.എല്‍.എ യോഗത്തില്‍ വ്യക്തമാക്കി. ഫുട്ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കാത്തതിനാല്‍ അപകടം പതിവാണെന്നും ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഇനിയും കാലതാമസം വരുത്തരുതെന്നും എം.എല്‍.എ നാഷണല്‍ ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെട്ടു.  ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങരയിലെ ഫുട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണം 2 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് നാഷണല്‍ ഹൈവേ ലെയ്സണ്‍ ഓഫീസര്‍ യോഗത്തെ അറിയിച്ചു. എടക്കഴിയൂരിലെ ഫുട്ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണം ആഗസ്റ്റ് 10 നകം ആരംഭിക്കും. മണത്തല ഫുട്ഓവര്‍ ബ്രിഡ്ജ് , മന്ദലാംകുന്ന് ഫുട് ഓവര്‍ ബ്രിഡ്ജ് എന്നിവ നിര്‍മ്മിക്കുന്നത് സംബന്ധിച്ച് നാഷണല്‍ ഹൈവേ ഉദ്യോഗസ്ഥരും തദ്ദേശ സ്ഥാപനവും സംയുക്തമായി പരിശോധന നടത്തി അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനും തീരുമാനമായി. എന്തെങ്കിലും കാരണത്താല്‍ ആവശ്യമായ സ്ഥലം ലഭ്യമാകാത്ത പക്ഷം നെഗോഷിയേഷന്‍ വഴി സ്വകാര്യവ്യക്തികളുടെ സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. കാന നിര്‍മ്മാണത്തിലെ അപാകത മൂലം വെള്ളക്കെട്ടുണ്ടാകുന്ന വിഷയം നഗരസഭ ചെയര്‍മാനും വിവിധ പഞ്ചായത്ത് അദ്ധ്യക്ഷരും യോഗത്തെ അറിയിച്ചു.  നാഷണല്‍ ഹൈവേ നിര്‍മ്മിച്ച കാനകളില്‍ നിന്നും വെള്ളം ഒഴുകി പോകുന്നതിന് ശാശ്വതമായ ഡ്രെയിനേജ് സിസ്റ്റം ഇല്ലെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാര്‍, പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍മാര്‍ , എന്‍.എച്ച്.എ.ഐ യുടെ എഞ്ചിനീയര്‍മാര്‍ എന്നിവര്‍ സംയുക്തമായി പരിശോധന നടത്തി വിശദമായ റിപ്പോര്‍ട്ട് നാഷണല്‍ ഹൈവേ അതോറിറ്റി, എം.എല്‍.എ , തദ്ദേശസ്ഥാപനങ്ങള്‍ എന്നിവക്ക് സമര്‍പ്പിക്കുന്നതിന് തീരുമാനിച്ചു. പരിശോധന ഈ മാസം 29 ന് ആരംഭിക്കും. 

ഉന്നതതലയോഗം നടത്തിയിട്ടും എ.കെ.ജി റോഡിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാത്തതില്‍ എം.എല്‍.എ കടുത്ത അമര്‍ഷം രേഖപ്പെടുത്തി. വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് സര്‍വ്വീസ് റോഡ്, കാന എന്നിവ ഉയര്‍ത്തല്‍, കാന നിര്‍മ്മാണം എന്നിവ അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചു. ആയത് വരെ കൂടുതല്‍ മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിച്ച് റോഡിലെ വെള്ളം സമയബന്ധിതമായി ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ എ.എച്ച് അക്ബര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ ഷിബു, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ഹസ്സന്‍ തളികശ്ശേരി, റസ്ല റഹീം, വൈസ് പ്രസിഡന്‍റ് ബിന്ദു സുരേഷ്, തഹസില്‍ദാര്‍ കെ.ടി ബാബു,  നാഷണല്‍ ഹൈവേ ലെയ്സണ്‍ ഓഫീസര്‍ ബാബു കെ.വി, നാഷണല്‍ ഹൈവേ എഞ്ചിനീയര്‍ കൃപ ശ്യാം,  തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍, തദ്ദേശ സ്ഥാപന എഞ്ചിനീയര്‍മാര്‍, പൊതുമരാമത്ത് അസി. എഞ്ചിനീയര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

RELATED ARTICLES
- Advertisment -

Most Popular

Recent Comments