ഗുരുവായൂർ: സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ ഇടവകമധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാളിന് തിരുക്കർമ്മങ്ങളോടെ തുടക്കമായി. വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും വികാരി ഫാദർ സെബി ചിറ്റാട്ടുകര കാർമ്മികനായി. സിലോണിൽ നിന്ന് പൂർവ്വികർ കൊണ്ടുവന്ന വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപം തിരുനാൾ കൺവീനർ ഇ.എ. ജോർജ് ലോറൻസ് ഏറ്റുവാങ്ങി. തുടർന്ന് അലങ്കരിച്ച രൂപക്കൂട്ടിൽ പ്രതിഷ്ഠിച്ചു.
പാചകത്തിനായുള്ള ആശീർവദിച്ച അഗ്നി ജോഷി പഴുന്നാന ഏറ്റുവാങ്ങി. ഇന്ന് വൈകീട്ട് 6.15ന് ആഘോഷമായ വിശുദ്ധ കുർബാനയും നൊവേനയും പ്രദക്ഷിണവും നടക്കും. തിരുക്കർമ്മങ്ങൾക്കുശേഷം ഊട്ടുസദ്യയും ഉണ്ടായിരിക്കും. ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ജോഷി പാലിയേക്കര സി.എം.ഐ നേതൃത്വം നൽകും. ഊട്ടുസദ്യയിൽ ഇടവകക്കാരും നാനാജാതി-മതസ്ഥരായ നാട്ടുകാരും വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്ന ആയിരക്കണക്കിന് ഭക്തജനങ്ങളും പങ്കെടുക്കും. ഊട്ടുസദ്യ പാർസലായും ലഭ്യമാകും.

