ഗുരുവായൂർ: കായിക പ്രേമികളുടെ താത്പര്യാര്‍ത്ഥം ലോക കപ്പ് ഫുട്ബോള്‍ മത്സരം നഗരസഭ ടൗണ്‍ ഹാളില്‍ ബിഗ് സ്ക്രീനില്‍ കാണിക്കുന്നതിനുള്ള ഗുരുവായൂര്‍ നഗരസഭ തീരുമാനം സാങ്കേതികത്വം പറഞ്ഞ് നിഷേധിക്കുന്ന നടപടി ദൗര്‍ഭാഗ്യകരമാണെന്ന് എന്‍.കെ അക്ബര്‍ എം.എല്‍.എ. ഗുരുവായൂര്‍ നഗരസഭയില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നഗരസഭ ടൗണ്‍ഹാളില്‍ കായിക പ്രേമികളുടെ താത്പര്യാര്‍ത്ഥം പൊതുജനങ്ങള്‍ക്ക് ലോക കപ്പ് ഫുട്ബോള്‍ കാണുന്നതിന് സൗകര്യം ഒരുക്കാറുള്ളതാണ്. കഴിഞ്ഞ തവണത്തെ ലോക കപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണുന്നതിന് വളരെ മികച്ച രീതിയിലാണ് നഗരസഭ ടൗണ്‍ഹാളില്‍ നഗരസഭ സംവിധാനം ഒരുക്കിയിരുന്നത്. എന്നാല്‍ ഇത്തവണ ലോകകപ്പ് മത്സരങ്ങള്‍ ടൗണ്‍ഹാളില്‍ ബിഗ് സ്ക്രീനില്‍ കാണിക്കുന്നതിന് കൗണ്‍സില്‍ ഐകകണ്ഠേന തീരുമാനമെടുത്തിരുന്നുവെങ്കിലും നഗരസഭ സെക്രട്ടറി സാങ്കേതികത്വം പറഞ്ഞ് തടയുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചത്. ഇത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും കൗണ്‍സിലിന്‍റെ അധികാരത്തിനുമേലുള്ള കടന്നുകയറ്റവുമാണ്. കൗണ്‍സില്‍ തീരുമാനത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ സെക്രട്ടറിക്ക് വിയോജനക്കുറിപ്പ് എഴുതാവുന്നതും കൗണ്‍സില്‍ തീരുമാനങ്ങള്‍ നടപ്പിലാക്കുകയുമാണ് സാധാരണ രീതി എന്നിരിക്കെ അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായി “പകര്‍പ്പാവകാശ നിയമം “ വരെ അബദ്ധമായി ചേര്‍ത്ത് തടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ കത്ത് നല്‍കുന്ന സാഹചര്യമാണ് ജോയിന്‍റ് ഡയറക്ടര്‍ സ്വീകരിച്ചത്. നഗരസഭ ടൗണ്‍ഹാള്‍ പൊതുപരിപാടികള്‍ക്ക് സൗജന്യമായും ഇളവോട് കൂടിയും അനുവദിക്കാമെന്ന അംഗീകൃത ബൈലോ നിലനില്‍ക്കുമ്പോഴാണ് കായിക പ്രേമികളുടെ താത്പര്യത്തിന് തടസ്സം സൃഷ്ടിക്കുന്ന നടപടിയിലേക്ക് നഗരസഭ സെക്രട്ടറി നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസമാണ് തൊട്ടടുത്തുള്ള കുന്നംകുളം നഗരസഭയില്‍ ലോകകപ്പ് ഫുട്ബോള്‍ മത്സരം സൗജന്യമായി നഗരസഭയുടെ ടൗണ്‍ഹാളില്‍ ബിഗ് സ്ക്രീനില്‍ കാണുന്നതിന് തീരുമാനമെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട പ്രാദേശിക സര്‍ക്കാറിന് മുകളില്‍ “ ഉദ്യോഗസ്ഥ രാജ് “ കെട്ടിവെക്കുന്നത് അധികാര വികേന്ദ്രീകരണത്തിന്‍റെയും 73, 74 ഭരണഘടന ഭേദഗതികളുടെയും പരസ്യലംഘനമാണ്. ഇക്കാര്യം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. തദ്ദേശ വകുപ്പ് മന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും ഡയറക്ടര്‍ക്കും ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെട്ട് തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലിന്‍റെ തീരുമാനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്. ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കായിക പ്രേമികള്‍ക്ക് കാണുന്നതിനുള്ള അവസരം ഉണ്ടാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും എംഎൽഎ പറഞ്ഞു.

