ഗുരുവായൂർ: മമ്മിയൂർ ആൻ്റ് മുതുവട്ടൂർ മർച്ചൻ്റ്സ് അസോസിയേഷൻ മുൻ പ്രസിഡണ്ട് സി.എ ലോകനാഥന്റെ ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് ജൂൺ 7-ന് അനുസ്‌മരണം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്‌ച വൈകീട്ട് 3.30ന് താമരയൂർ മെട്രോ ഹാളിൽ നടക്കുന്ന അനുസ്‌മരണ സമ്മേളനം എൻ.കെ അക്‌ബർ എംഎൽഎ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡണ്ട് പി. മുരളീധരൻ അദ്ധ്യക്ഷത വഹിക്കും. ലോകനാഥന്റെ ഛായ ചിത്രത്തിൽ പുഷ്‌പാർച്ചനയ്ക്ക് ശേഷം അമ്പത് പേർക്ക് ചികിത്സാ സഹായവും 100 അമ്മമാർക്ക് പുടവ വിതരണവും 100 വിദ്യാർത്ഥികൾക്ക് പഠനോപകരണവും നൽകും.
സി.എ ലോകനാഥൻ അനുസ്‌മരണത്തോടനുബന്ധിച്ച് മികച്ച പ്രാദേശിക മാധ്യമ പ്രവർത്തകനുള്ള മാധ്യമപുരസ്ക്കാരം മനോരമ ഗുരുവായൂർ ലേഖകൻ വി.പി ഉണ്ണികൃഷ്‌ണനും കാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വി.റ്റി ബിനുവിന് സേവന പുരസ്ക്കാരവും വ്യാപാര രംഗത്ത് മികച്ച സേവനമനുഷ്‌ടിച്ച അസോസിയേഷൻ രക്ഷാധികാരി സി.പി വർഗ്ഗീസിന് വ്യാപരമിത്രം അവാർഡും നൽകും. 5001 രൂപയും പ്രശസ്‌തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൺ സുനിത അരവിന്ദൻ, ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച് അക്‌ബർ, സിനി ആർട്ടിസ്റ്റ് ശിവജി ഗുരുവായൂർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡണ്ട് കെ.വി അബ്‌ദുൾ ഹമീദ്, ചാവക്കാട് നഗരസഭ കൗൺസിലർ കെ.സി സുനിൽകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ നിയോജക മണ്ഡലം ചെയർമാർ ലൂക്കോസ് തലക്കോട്ടൂർ, ഗുരുവായൂർ ഹോട്ടൽ റസ്റ്റോറൻ്റ് അസോസിയേഷൻ പ്രസിഡണ്ട് ഒ.കെ.ആർ മണികണ്‌ഠൻ, മെട്രോലിക്‌സ് പ്രസിഡണ്ട് കെ.ആർ ചന്ദ്രൻ എന്നിവർ അനുസ്‌മരണ പ്രഭാഷണങ്ങൾ നടത്തും. ലോകനാഥന്റെ ഓർമ്മക്കായി ഓർമ്മപ്പൂക്കൾ എന്ന പേരിൽ സ്‌മരണിക പുറത്തിറക്കും. ഭാരവാഹികളായ പി. മുരളീധരൻ, സി.പി വർഗ്ഗീസ്, സി.വി ഗിരീഷ് കുമാർ, സി.എഫ് റോബർട്ട്, വി.സി തോമസ്, ജോസ് ലൂവിസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

