ചാവക്കാട്: പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിൽ ഈ വർഷത്തെ ദുക്റാന-തർപ്പണ തിരുനാളിനോടനുബന്ധിച്ച് രൂപീകരിച്ച സ്വാഗത സംഘത്തിന്റെ ഓഫീസ് തുറന്നു. അതിലാബാദ് രൂപതാ അംഗം ഫാ. ടോണി ഓഫീസ് ഉദ്ഘാടനം ചെയ്തു. വിശ്വാസ പാരമ്പര്യം കാത്തുസൂക്ഷിച്ച് പുതുതലമുറയ്ക്ക് പകർന്നു നൽകാൻ തിരുനാൾ ആഘോഷങ്ങൾ സഹായകമാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ആർച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഫാ. നിതിൻ താഴത്ത് സന്നിഹിതനായിരുന്നു. തിരുന്നാളിന്റെ ആദ്യ സംഭാവന വടക്കൂട്ട് ജോസിൽ നിന്നും തിരുനാൾ ഫൈനാൻസ് കമ്മിറ്റി അംഗങ്ങൾ സ്വീകരിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ ഷാജു താണിക്കൽ സ്വാഗതവും പബ്ലിസിറ്റി കൺവീനർ ബോബ് എലവത്തിങ്കൽ നന്ദിയും പറഞ്ഞു. ജോ. കൺവീനർ സി. ഡി. ജോസ്, വിവിധ ഉപസമിതി ഭാരവാഹികൾ, കൈക്കാരന്മാർ, ഇടവക പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രധാന തിരുനാൾ ദിനങ്ങളിൽ ആഘോഷമായ തിരുക്കർമ്മങ്ങൾ, നൊവേന, പ്രദക്ഷിണം, നേർച്ചസദ്യ എന്നിവ ഉണ്ടായിരിക്കും. തിരുനാൾ വിജയകരമാക്കാൻ 21 ഉപസമിതികൾക്ക് രൂപം നൽകിയതായി ജനറൽ കൺവീനർ അറിയിച്ചു. ജൂലൈ മൂന്നിന് ദുക്റാന തിരുനാളും ജൂലൈ 11, 12 തീയതികളിൽ തർപ്പണ തിരുനാളും ആഘോഷിക്കും.

