Monday, April 6, 2026

‘മണലൂരിൽ ബിജെപി സഹായിച്ചാൽ ഗുരുവായൂരിൽ തിരിച്ചുസഹായിക്കും’; ടി.എൻ പ്രതാപനും ബി ഗോപാലകൃഷ്ണനും തമ്മിൽ ഡീൽ; ആരോപണവുമായി കോൺഗ്രസ് നേതാവ്

തൃശൂർ: കോൺഗ്രസ് നേതാവും മണലൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയുമായ ടിഎൻ പ്രതാപനെതിരെ രൂക്ഷവിമർശനവുമായി നാട്ടിക കോൺഗ്രസ് വൈസ് പ്രസിഡന്റ് ഫിറോസ് രംഗത്ത്. ടി.എൻ പ്രതാപനും ഗുരുവായൂരിലെ ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണനും തമ്മിൽ ഡീലുണ്ടെന്ന് ഫിറോസ് ആരോപിച്ചു. സിപിഎം ഓഫീസിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്. മണലൂരിൽ ബിജെപി സഹായിച്ചാൽ ഗുരുവായൂരിൽ തിരിച്ചുസഹായിക്കുമെന്നാണ് ഡീൽ എന്ന് അദ്ദേഹം പറയുന്നു. ടിഎൻ പ്രതാപൻ തൃശൂരിൽ സുരേഷ് ഗോപിയെ സഹായിക്കാൻ ഒത്തുകളി നടത്തിയെന്നും എട്ട് കോടി രൂപ വാങ്ങി വോട്ട് മറിച്ചെന്നും ഫിറോസ് ആരോപിക്കുന്നുണ്ട്. ‘നാട്ടികയിലും മണലൂരിലും വിതരണം ചെയ്യാൻ എട്ട് കോടി രൂപയാണ് ടിഎൻ പ്രതാപൻ സുരേഷ് ഗോപിയുടെ കയ്യിൽ നിന്നും വാങ്ങിയത്. ടിഎൻ പ്രതാപനൊപ്പം നിൽക്കുന്ന മണ്ഡലം പ്രസിഡന്റുമാർ, ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ, കെപിസിസി മെമ്പർ ഉൾപ്പടെയുള്ള ആളുകൾക്കാണ് പണം വിതരണം ചെയ്തത്. ടി.എൻ പ്രതാപന്റെ മകന്റെ വാഹനത്തിലാണ് പണം കൊണ്ടുവന്നത്. തട്ടിന്റെ ഉസ്താദാണ് ടിഎൻ പ്രതാപൻ. ഗുരുവായൂരിൽ റഷീദിനെ തോൽപ്പിച്ച് അവിടെ ബിജെപിയുടെ ഒരു എംഎൽഎയെ ഞാൻ നിനക്ക് തരാമെന്ന് ടിഎൻ പ്രതാപൻ ഉറപ്പുകൊടുത്തു. ഇങ്ങനെ ഒരു പ്ലാൻ നടക്കുന്നുണ്ടെന്ന് മൂന്ന് ദിവസങ്ങൾക്ക് മുമ്പ് ഞങ്ങൾ അറിഞ്ഞു’- ഫിറോസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments