ഗുരുവായൂർ: സംഗീത സംവിധായകനായിരുന്ന ജി ദേവരാജൻ മാസ്റ്ററുടെ സഹോദരനെ ഗുരുവായൂരിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ജി. രവീന്ദ്രനാണ് (93) മരിച്ചത്. റിട്ട. പഞ്ചായത്ത് സെക്രട്ടറിയാണ്. അവിവാഹിതനായ ഇദ്ദേഹം കഴിഞ്ഞ അഞ്ചുവർഷമായി ഗുരുവായൂർ പടിഞ്ഞാറേ നടയിലെ കാപ്പിറ്റൽ സഫറോൺ ഫ്ലാറ്റിലാണ് കഴിഞ്ഞിരുന്നത്. രണ്ട് ദിവസമായി ഇദ്ദേഹത്തെ പുറത്ത് കാണാത്തതിനാൽ അടുത്തുള്ള താമസക്കാർ ടെമ്പിൾ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്നാണ് മരിച്ചനിലയിൽ കണ്ടത്. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് തൃശൂർ ലാലൂരിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കും.