ചാവക്കാട്: ഡയപ്പർ മാലിന്യം ചാക്കിൽ നിറച്ച് പൊതുസ്ഥലത്ത് ഉപേക്ഷിച്ച യുവതിക്ക് ചാവക്കാട് നഗരസഭ 10,000 രൂപ പിഴ ചുമത്തി. നഗരസഭയുടെ പരപ്പിൽത്താഴത്തെ മാലിന്യസംസ്‌കരണ പ്ലാന്റിന് സമീപത്തെ പൊതുനിരത്തിനോടു ചേർന്നാണ് ഇരുചക്രവാഹനത്തിലെത്തിയ യുവതി മാലിന്യം നിറച്ച ചാക്ക് വലിച്ചെറിഞ്ഞത്. പൊതുനിരത്തിലോ പൊതു ഇടങ്ങളിലോ ജലസ്രോതസ്സുകളിലോ മാലിന്യം വലിച്ചെറിയുന്നവരുടെ ദൃശ്യങ്ങൾ നഗരസഭയ്ക്ക് നൽകുന്നവർക്ക് പിഴത്തുകയുടെ 25 ശതമാനമോ പരമാവധി 2500 രൂപയോ പാരിതോഷികം നൽകും. ഇതിനായി നൽകിയ നമ്പറിലോ നഗരസഭയുടെ ഔദ്യോഗിക ഇ-മെയിൽ വിലാസത്തിലോ ദൃശ്യങ്ങൾ അയയ്ക്കാം. വിവരങ്ങൾ നൽകുന്നവരുടെ വിലാസം രഹസ്യമായി സൂക്ഷിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.