Saturday, November 23, 2024

ഗുരുവായൂരിൽ മരം മുറിക്കുന്നതിനിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു; കെ.എസ്.ഇ.ബി അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം

ഗുരുവായൂര്‍: കോട്ടപ്പടിയില്‍ മരം മുറിക്കുന്നതിനിടെ ഷോക്കേറ്റ് തൊഴിലാളി  മരിച്ചു. കോട്ടപ്പടി ചേമ്പാലകുളങ്ങര ക്ഷേത്രത്തിനടുത്ത്  കൊഴക്കി വീട്ടില്‍ നാരായണനാ(46)ണ് മരിച്ചത്. ഇന്ന് വൈകീട്ട്  ആറോടെയാണ് സംഭവം.കോട്ടപ്പടി സെന്ററില്‍ ​ഗുരുവായൂര്‍ അര്‍ബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ബ്രാഞ്ചിന് സമീപമുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലെ പൂമരം മുറിക്കുന്നതിനിടെയായിരുന്നു അപകടം. നേരത്തെ മരം മുറിക്കുന്നതിനായി വൈദ്യുതി വകുപ്പ് ഉദ്യോ​ഗസ്ഥരെത്തി ഇതിലൂടെയുള്ള  വൈദ്യുതി പ്രവാഹം നിര്‍ത്തിവെച്ചിരുന്നു. മരത്തിന്റെ ഉയര്‍ന്ന ഭാഗങ്ങൾ‍ മുഴുവന്‍ മുറിച്ചുമാറ്റിയശേഷമായിരുന്നു വൈദ്യുതി പുന:സ്ഥാപിച്ചത്. എന്നാല്‍ താഴത്തെ ഭാഗത്തെ മരം മുറിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. മരക്കമ്പുകള്‍ പൂർണ്ണമായും മുറിച്ചു മാറ്റുന്നതിന് മുമ്പ് കെ.എസ്.ഇ.ബി അധികൃതർ വൈദ്യുതി പുനസ്ഥാപിച്ചതാണ് അപകട കാരണമെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഷോക്കേറ്റ് തെറിച്ചുവീണ നാരായണനെ  കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം  സംസ്കരിക്കും. ഭാര്യ : അഭിത. മക്കൾ: അനുശ്രീ, അനന്ദശ്രീ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments