ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിനും ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിനും വാടക ഇരട്ടിയായ് വർദ്ധിപ്പിച്ചത് നീതികരിക്കാനാവാത്തതാണെന്ന് സിപിഐ ഗുരുവായൂർ ലോക്കൽ കമ്മിറ്റി. ബുക്കിങ്ങിന്റെ മറവിൽ ഇടത്തട്ടുകാർ അന്യായമായി പണം സമ്പാദിക്കുന്നതായും 5900 രൂപയടച്ചുള്ള ഒരു സ്ലോട്ടിൽ എത്രപേർക്കുവേണമെങ്കിലും കലാപരിപാടികൾ അവതരിപ്പിക്കാം എന്നിരിക്കെ ഓരോ അംഗത്തിൽ നിന്നും ഓഡിറ്റോറിയം ഫീസ് എന്ന പേരിൽ വൻ തുക വാങ്ങുന്നതായും ദേവസ്വത്തിന് പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം വാടക ഇരട്ടിയായി വർദ്ധിപ്പിക്കുന്നതെന്ന വാദം യുക്തി രഹിതമാണെന്നും സിപിഐ ഗുരുവായൂർ ലോക്കൽ സെക്രട്ടറി എൻ.പി നാസർ പറഞ്ഞു. യഥാർത്ഥത്തിൽ ഇത്തരം ഇടനിലക്കാരെയും ചൂഷകരെയും അകറ്റി നിർത്തുന്ന തരത്തിലുള്ള ശക്തമായ നടപടികൾ സ്വീകരിച്ച് കലാകാരന്മാർക്ക് കുറഞ്ഞ ചിലവിൽ ഓഡിറ്റോറിയം ലഭ്യമാക്കാൻ കഴിയുന്ന നടപടികളാണ് സ്വീകരിക്കേണ്ടതെന്നും സിപിഐ ഗുരുവായൂർ ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു.
