ചാവക്കാട്: പാലയൂർ ക്രിസ്ത്യൻ പള്ളി മുമ്പ് ക്ഷേത്രമായിരുന്നെന്ന അവകാശ വാദവുമായി സംഘപരിവാർ ടി.വി ചാനലായ ജനം ടി.വി. ഇക്കാര്യം സംസ്ഥാന സർക്കാരിന്റെ ഒരു പാഠപുസ്തകത്തിൽ പറയുന്നുണ്ടെന്നാണ് ചാനലിൻ്റെ അവകാശവാദം. കൈറ്റ് വിദ്യാഭ്യാസ പോർട്ടലിൽ അപ് ലോഡ് ചെയ്തിട്ടുള്ള പതിനൊന്നാം ക്ലാസിലെ സിറിയക് വെസ്റ്റ് പാഠപുസ്തകത്തിലാണ് ഈ പരാമർശമുള്ളതെന്നാണ് ജനം ടി.വിയുടെ റിപ്പോർട്ട്. പാലയൂരിലെ ബ്രാഹ്മണ ഇല്ലത്തെ ക്ഷേത്രവും കുളവും നിന്ന സ്ഥലത്താണ് പാലയൂർ പള്ളി പണിഞ്ഞിരിക്കുന്നതെന്നും വാർത്തയിൽ പറയുന്നു. ഗുരുവായൂരിലെ പാലയൂർ ക്രൈസ്തവപള്ളി മുമ്പ് ക്ഷേത്രം ആയിരുന്നുവെന്ന് പാഠപുസ്തകത്തിലെ പരാമർശം ചർച്ചയാകുന്നുവെന്ന പാചകത്തോടെയാണ് ജനം ടി.വി വാർത്ത ആരംഭിക്കുന്നത്. സെന്റ് തോമസ് പാലയൂരിൽ എത്തുകയും അത്ഭുതം കാട്ടിയപ്പോൾ അവിടുത്തെയുള്ള ബ്രാഹ്മണരൊക്കെ കൂട്ടമായിട്ട് ക്രൈസ്തവ മതത്തിലേക്ക് മതം മാറുകയും ചെയ്തു എന്ന് ഈ പാഠപുസ്തകത്തിൽ തന്നെ പറയുന്നുവെന്നും ജനം ടി.വി റിപ്പോർട്ടിലുണ്ട്. എന്നാൽ ക്ഷേത്രമുള്ള സ്ഥാനത്താണ് പള്ളി പണിഞ്ഞതെന്ന തരത്തിൽ 11-ാം ക്ലാസിലെ സിറിയക് വെസ്റ്റ് ടെക്സ്റ്റ് ബുക്കിൽ പരാമർശമൊന്നുമില്ലെന്ന് പുസ്തകത്തിൽ നടത്തിയ പരിശോധയിൽ കണ്ടെത്തി. പാലയൂരിൽ പള്ളി പണിഞ്ഞു എന്ന് മാത്രമാണ് ടെക്സ്റ്റ് ബുക്കിൽ പറയുന്നത്. പാലയൂരിൽ ക്ഷേത്രമുണ്ടായിരുന്ന ഇടത്ത് പള്ളി പണിഞ്ഞു എന്നതരത്തിൽ ടെക്സ്റ്റ് ബുക്കിലെ പാഠഭാഗത്ത് പറയുന്നില്ല.
‘വിശുദ്ധ തോമാശ്ലീഹാ ഇന്ത്യയിൽ എത്തിയപ്പോൾ, പാലയൂർ പ്രധാനമായും ബ്രാഹ്മണർ അധിവസിച്ചിരുന്ന ഒരു പ്രദേശമായിരുന്നു. അവിടെ ബ്രാഹ്മണർക്ക് ഒരു ക്ഷേത്രവും അതിനോട് ചേർന്ന് ഒരു കുളവും ഉണ്ടായിരുന്നു. ഈ കുളത്തിൽ വെച്ച് വിശുദ്ധ തോമാശ്ലീഹാ ഒരു അത്ഭുതം പ്രവർത്തിക്കുകയും, തുടർന്ന് 32 ബ്രാഹ്മണ കുടുംബങ്ങൾ അദ്ദേഹത്തിൽ വിശ്വസിക്കുകയും ചെയ്തു. ശങ്കരപുരി, പാക്കലോമറ്റം, കല്ലിയാങ്കാവ്, നെടുമ്പള്ളി തുടങ്ങിയ കുടുംബങ്ങൾ ഇതിൽ ഉൾപ്പെടുന്നു. അവർ അവിടെ ഒരു പള്ളി സ്ഥാപിച്ചു. പാലയൂർ ഒരു വ്യാപാര കേന്ദ്രം കൂടിയായിരുന്നു. പട്ടണത്തിന് സമീപം ഒരു ജൂത കോളനിയും ഉണ്ടായിരുന്നു. പാലയൂരിലെ പള്ളിക്ക് ഒരു പ്രത്യേകതയുണ്ട്. രണ്ടായിരം വർഷത്തെ തുടർച്ചയായ ചരിത്രമുള്ള ഈ പള്ളി, ശ്ലീഹാ ആദ്യമായി അത് സ്ഥാപിച്ച അതേ സ്ഥലത്തുതന്നെയാണ് ഇന്നും നിലകൊള്ളുന്നത്,’ എന്നാണ് പുസ്തകത്തിന്റെ 110-ാം പേജിൽ പാലയൂരിനെക്കുറിച്ച് പറയുന്നത്.
